സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനമായത്.
വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകളിലേയ്ക്ക് പരിശോധനയ്ക്കായി എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലുമെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കും. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് ലൈന്‍ എന്നിവടങ്ങളിലും പരിശോധന നടത്തും.
പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ നിന്നാകാമെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന.
Also Read- സ്കൂളിൽ മിന്നൽ പരിശോധന; മന്ത്രിക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മുടി
കഴിഞ്ഞ ദിവസം സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനിലും വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നു. തലസ്ഥാന നഗരിയിലെ കോട്ടൺ ഹിൽ സ്കൂളിലെത്തിയ മന്ത്രി ജി.ആര് അനിലിന് കഴിക്കാന്‍ നല്കിയ മുടി കണ്ടെത്തി.
ഭക്ഷണം പാകം ചെയ്യുമ്പോൾ കുറച്ച് കൂടി ശുചിത്വം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. കോട്ടൺഹിൽ എൽ.പി.എസ് ഉൾപ്പെടെ പല സ്കൂളുകളിലും ആവശ്യത്തിന് പാചക , ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. സ്ഥല പരിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്കൂൾ സന്ദർശനം മറ്റ് സ്കൂളുകൾക്കുള്ള സന്ദേശമെന്നും ഭക്ഷ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also Read- 'മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കും'; പദ്ധതിയുമായി കേരള പൊലീസ്
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പൂജപ്പുര ഗവ.യു.പി സ്കൂൾ സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിമാർ സ്കൂളില്‍ പരിശോധനയ്ക്കെത്താന്‍ തീരുമാനിച്ചത്. സ്കൂളിലെത്തിയ മന്ത്രി നേരെ പോയത് പാചകപ്പുരയിലേക്കാണ്. അവിടെ അപ്പോഴേക്കും ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു. ചോറും പരിപ്പും തോരനും പപ്പടവും. ചോറിന്റെ അടപ്പ് ഒരല്‍പ്പം മാറിയിരുന്നത് മന്ത്രി തന്നെ നേരെയാക്കിവച്ചു. പാചകം ചെയ്യുന്നയാളെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. കുട്ടികള്‍ക്ക് ഭക്ഷണം നല്കാന് നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കൊപ്പം ക്യൂനിന്ന് മന്ത്രി ഉച്ചഭക്ഷണം വാങ്ങി. അവര്‍ക്കൊപ്പം തന്നെ കഴിക്കാനുമിരുന്നു. ഉച്ചഭക്ഷണ ശേഷം ക്ലാസ് മുറികൾ സന്ദര്‍ശിച്ചു. നല്ല ഭക്ഷണമാണ് താന്‍ കഴിച്ചതെന്നും സ്കൂളുകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളോട് ഭക്ഷണം ഇഷ്ടമായോ രസമുണ്ടോ ഇതു മതിയോ എന്നെല്ലാം കുശലം ചോദിച്ച ശേഷമാണ് മന്ത്രി സ്കൂളിൽനിന്ന് മടങ്ങിയത്.
തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളില്‍ ആരോഗ്യപ്രശ്നമുണ്ടായ രണ്ടു കുട്ടികള്‍ക്ക് മലിനമായ വെള്ളത്തിലൂടെ പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. വിഴിഞ്ഞത്തെ സ്കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.