തിരുവനന്തപുരം: കാറപകടത്തിൽ മരണമടഞ്ഞ സംഗീതജ്ഞൻ ബാലബാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ പൊലീസ് പരിശോധിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് സ്വദേശിയായ ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകൾ ഡോക്ടർ പൊലീസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. രണ്ടുകേസുകളാണ് അർജുനെതിരെയുള്ളത്. എടിഎം മോഷണക്കേസിലെ പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുകളുള്ളത്.
ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്നാണ് ഡ്രൈവർ അർജുൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ബാലഭാസ്കറായിരുന്നില്ല, ഡ്രൈവര്‍ അർജുനായിരുന്നു കാർ ഓടിച്ചിരുന്നതെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. സെപ്തംബർ 25നായിരുന്നു അപകടം. ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപം നടന്ന അപകടത്തില്‍ ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.