കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോ ഡ്രൈവറായ യുവാവ് സ്വന്തം ഓട്ടോ കത്തിച്ചു. നഗര മധ്യത്തിൽ വെച്ചാണ് സംഭവം. കാഞ്ഞിരപ്പള്ളി പാലപ്ര കുളഞ്ഞികൊമ്പിൽ മൂക്കൻ സാബു എന്നറിയപ്പെടുന്ന വർഗീസ് ജോണാണ് സ്വന്തം ഓട്ടോ കത്തിച്ചത്. ഓട്ടോ സ്റ്റാൻഡിൽ നിന്നല്ലാതെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും നിന്നും ആളെ കയറ്റിയത് പൊലീസ് തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഓട്ടോ കത്തിച്ചത്. കൊലക്കേസിലെ പ്രതിയായ സാബു നേരത്തെ വാഹനങ്ങൾ കത്തിച്ച കേസിലും പ്രതിയാണ്.
സ്റ്റാൻഡിൽ കിടക്കാതെ റൂട്ടുകളിൽ കറങ്ങി നടന്ന് ആളെ കയറ്റുന്നതായി മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതി നൽകിയതിനെ തുടർന്ന് സാബുവിനെ പൊലിസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് മേലാൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയച്ചു. സ്റ്റേഷനിൽ നിന്നിറങ്ങിയ സാബു ബസ്റ്റാൻഡ് കവാടത്തിൽ കൊണ്ട് വന്ന് ഓട്ടോറിക്ഷ നിർത്തിയിട്ട ശേഷം കൈവശമുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആളുകൾ ഓടിക്കൂടി തീയണച്ചപ്പോഴേയ്ക്കും സാബു ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സമാനമായ രീതിയിൽ മുൻപ് പട്ടിമറ്റത്ത് വച്ച് ഇയാൾ കാറിന് തീയിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto, Fire, Kanjirappally