• HOME
 • »
 • NEWS
 • »
 • kerala
 • »
 • കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ദുബായില്‍ സമ്മേളനം: മുഖ്യമന്ത്രി

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ദുബായില്‍ സമ്മേളനം: മുഖ്യമന്ത്രി

വികസനത്തിന് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ട്.

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

 • Share this:
  തിരുവനന്തപുരം:  കേരള വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഒക്ടോബര്‍ നാലിന് ദുബായിയില്‍ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ കേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതുവരെ താമസിക്കുന്നതിന് സംവിധാനം ഒരുക്കും. പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനം നടക്കുകയാണ്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങളും ഈ പഠനത്തില്‍ പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

  നദികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വരട്ടാര്‍ വൃത്തിയാക്കുന്ന വേളയില്‍ വലിയൊരു സംസ്‌കാരം രൂപപ്പെട്ടു. അതിനുശേഷം ജനങ്ങളുടെ വലിയ പങ്കാളിത്തം ഇക്കാര്യത്തിലുണ്ടായി. വിദേശ മലയാളികള്‍, കോര്‍പറേറ്റ് കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് എന്നിവയെല്ലാം നദി പുനരുജ്ജീവനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നവകേരള നിര്‍മിതിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാമുഖ്യം നല്‍കും. ജീവനോപാധി, ജനശാക്തീകരണം, കൃഷി എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ടാവും.
  വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതുപയോഗിച്ച് മികച്ച വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആദിവാസി മേഖലയില്‍ ഈ തുകയില്‍ ചില വര്‍ദ്ധനവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി വീടു നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കും. പ്രീഫാബ് നിര്‍മാണ രീതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ആവശ്യമാണ്. വലിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇത്തരത്തില്‍ നിര്‍മിച്ച് മാതൃക കാട്ടും. ഇതുസംബന്ധിച്ച് ആര്‍ക്കിടെക്ടുകളും അന്താരാഷ്ട്ര ഏജന്‍സികളും ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തും. പ്രീഫാബ് നിര്‍മാണം ആരംഭിക്കുമ്പോള്‍ ഇതിനാവശ്യമായ നിര്‍മാണ സാമഗ്രികള്‍ തയ്യാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

  Also Read മുത്തൂറ്റ് സമരം: മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു; കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് എം.ഡി

  വലിയ വീടുകള്‍ നിര്‍മിക്കുന്നവരുടെ നികുതി വര്‍ധിപ്പിക്കണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ പങ്കെടുത്ത പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ജി. വിജയരാഘവനും ഡോ. കെ. പി. കണ്ണനും മുന്നോട്ടുവച്ചു. മൂവായിരം ചതുരശ്രഅടിക്ക് മുകളിലുള്ള കെട്ടിടത്തിന് ഇപ്പോള്‍ 5000 രൂപ മാത്രമാണ് നികുതിയെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഈ വിഷയം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

  മലയോര മേഖലയിലെ സൂക്ഷ്മ നീര്‍ച്ചാലുകള്‍ അടയുന്നത് മണ്ണിടിച്ചിലിന് കാരണമാകുന്നതായി ചര്‍ച്ചയില്‍ സംസാരിച്ച ഹരിത കേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി പറഞ്ഞു. നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുക പ്രധാനമാണെന്നും മലയോരമേഖലയിലെ സൂക്ഷ്മ നീര്‍ച്ചാലുകളുടെ പുനസ്ഥാപനത്തിന് പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയോരമേഖലയില്‍ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അവിടെ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറേണ്ടി വരും.

  First published: