തിരുവനന്തപുരം: ടയറിന്റെ പുറംപാളി ഇളകിയതിനെത്തുടർന്ന് ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തിനു അടിയന്തര ലാൻഡിങ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഞായറാഴ്ച അർധരാത്രിക്ക് പുറപ്പെട്ട വിമാനമാണ് ഒരുമണിക്കൂറോളം പറന്നതിനുശേഷം അടിയന്തരമായി നിലത്തിറക്കിയത്.
മുൻഭാഗത്തെ ഒരു ടയറിനു സാരമായ കേടുണ്ടെന്ന് പൈലറ്റ് അമർ സരോജ് കണ്ടെത്തിയതോടെ അപകടകരമായ സാഹചര്യത്തിൽ വിമാനം ഇറക്കേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിൽ വിവരം നൽകി. തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സന്നാഹങ്ങൾ സജ്ജമാക്കി.
വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാ വാഹനങ്ങൾക്കൊപ്പം സംസ്ഥാന അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സി.ഐ.എസ്.എഫ്. അടക്കമുള്ള സുരക്ഷാസേന കമാൻഡോകളും റൺവേയിൽ എത്തി. ഞായറാഴ്ച രാവിലെ 5.40-ന് പൈലറ്റ് ഉൾപ്പെടെ ആറ് ജീവനക്കാരും 148 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ഇറങ്ങി. തുടർന്ന് യാത്രക്കാരെ അതിവേഗം പുറത്തെത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.