കോട്ടയം: നാട്ടിൽ പല സമരരീതികൾ നമ്മൾ കാണാറുണ്ട്. പ്രാദേശികമായി നടത്തുന്ന പ്രതിഷേധ സമരങ്ങൾ മുതൽ സെക്രട്ടറിയേറ്റന് മുന്നിലെ വലിയ മാർച്ച് വരെ പതിവുകാഴ്ചയാണ്. കോവിഡ് കാലത്ത് രാജ്യം പ്രതിഷേധങ്ങൾ വീടുകളിലേക്ക് മാറ്റിയതും നമ്മൾ കണ്ടുകഴിഞ്ഞു. ഇത് അതിലും വ്യത്യസ്തമാണ്. കോട്ടയം കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ പെട്ട കുറുപ്പന്തറപുളിന്തറയിൽ റോഡിന്റെ വളവു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സമരം.
ഇതിനായി ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തത് കൃത്രിമമായി ഒരു അപകടം സൃഷ്ടിക്കുകയാണ്. അപകടം സൃഷ്ടിച്ച ശേഷം സ്ഥലത്ത് എത്തുന്ന എംഎൽഎയെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. സ്ഥലത്ത് എത്തുന്ന എംഎൽഎ അപകടത്തിൽ പെട്ട് മരിച്ച ആൾക്ക് വാഹനത്തിൽ സൂക്ഷിച്ച റീത്ത് സമർപ്പിച്ച് മടങ്ങാൻ ഒരുങ്ങുന്നു. ഇത് പ്രവർത്തകർ തടയുന്നു. മറ്റൊരു മരണ വീട്ടിൽ പോകാനുണ്ട് എന്നുപറഞ്ഞ് എംഎൽഎ മടങ്ങുന്നു. ഇതാണ് പ്രതീകാത്മകമായി ചിത്രീകരിച്ചത്. വീഡിയോ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയ വഴിയും അപകട നാടകം പ്രചരിപ്പിക്കുകയാണ്.
ഇതിനകം നിരവധി ആളുകൾ പുളിന്തറ വളവിൽ അപകടത്തിൽപ്പെട്ട് മരിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും എടുക്കാൻ സ്ഥലം എംഎൽഎ മോൻസ് ജോസഫ് തയ്യാറായില്ല എന്ന് ഡിവൈഎഫ്ഐ മാഞ്ഞൂർ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജിത്തു ജോയ് ന്യൂസ് 18 നോട് പറഞ്ഞു. പത്തു വർഷമായി തുടർച്ചയായി മോൻസ് ജോസഫ് മണ്ഡലത്തിൽ എംഎൽഎ ആയി പ്രവർത്തിക്കുന്നത്. എന്നാൽ നാടിന്റെ വികസന കാര്യത്തിന് വേണ്ടത് ഒന്നും ചെയ്യുന്നില്ല. ഇതിലും പ്രാദേശികമായി ജനങ്ങൾക്ക് വലിയ പ്രതിഷേധം ഉണ്ടെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മുൻപ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന ആൾ കൂടിയാണ് മോൻസ് ജോസഫ് എന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നു. അതുകൊണ്ടാണ് എംഎൽഎയെ പരിഹസിച്ച അപകട നാടകം ഉണ്ടാക്കിയതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസവും സ്ഥലത്ത് അപകടം ഉണ്ടായിരുന്നു. സർക്കാർ ഇടപെട്ട് റോഡ് വികസനത്തിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ സ്ഥലത്ത് പ്രതിഷേധ പരിപാടി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഇടതുമുന്നണിയും മോൻസ് ജോസഫും തമ്മിലുള്ള രാഷ്ട്രീയ പോര് കടക്കുന്നു എന്ന സൂചനയാണ് വീണ്ടും ഉയരുന്നത്. ഇത്തവണ കടുത്തുരുത്തിയിൽ ജയിച്ചെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം നാലായിരത്തിലേക്ക് ചുരുങ്ങിയിരുന്നു.
അടുത്ത തവണയെങ്കിലും മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങളാണ് ഇടതുമുന്നണി ഇവിടെ നടത്തിവരുന്നത്. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായ സ്റ്റീഫൻ ജോർജ് ആണ് ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കടുത്തുരുത്തിയിൽ മത്സരിച്ചത്. നേരത്തെ ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷത്ത് ഉണ്ടായിരുന്ന സമയത്ത് മോൻസ് ജോസഫ് തന്നെയായിരുന്നു ഇടത് സ്ഥാനാർത്ഥി. കടുത്ത ഇടതു തരംഗം ഉണ്ടായിട്ടും ഉണ്ടായിട്ടും കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയിട്ടും മണ്ഡലം പിടിച്ചുനിർത്താൻ ആയത് മോൻസ്ജോസഫിന്റെ ജനപിന്തുണ കൂടിയാണ് എടുത്തുകാട്ടുന്നത്. മണ്ഡലത്തിൽ ഉടനീളം ഉള്ള വ്യക്തിബന്ധങ്ങൾ ആണ് മോൻസ് ജോസഫിന് ഇത്തവണ തുണ ആയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.