ആലപ്പുഴ: എസ്എഫ്ഐ ഏരിയാ പ്രസിഡന്റിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം മർദിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയെ പുറത്താക്കി. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർപഴ്സൻ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ആക്രമിച്ചതെന്നാണ് പരാതി. അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന. സംഭവം വിവാദമായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ട് അമ്പാടി ഉണ്ണിയെ പുറത്താക്കിയത്.
Also Read- ‘പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ല; ക്വട്ടേഷൻ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല’: പി. ജയരാജൻ
ഹരിപ്പാട് നാരകത്തറ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ ചിന്നു ചികിത്സയിലാണ്. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി. ഇയാൾക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് വിവരം.
മോശമായ പെരുമാറ്റത്തിന്റെ പേരിൽ ചിന്നുവും മറ്റു ചില പെൺകുട്ടികളും അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ നേതൃത്വം മൂന്നംഗ കമ്മീഷനെ വച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്.
Also Read- സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം; ഒരു മാസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ
അമ്പാടി ഉണ്ണിക്ക് വിവാഹമാലോചിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരെ, അപമര്യാദയായി പെരുമാറിയ സംഭവം ചിന്നു ഉൾപ്പെടെയുള്ളവർ ചേർന്ന് അറിയിച്ചെന്ന സംശയവും ആക്രമണത്തിനു കാരണമായെന്ന് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.