• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ വർഗീയവാദിയായ നേതാവ് പങ്ക് വെക്കുന്നു'; DYFI

'മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ വർഗീയവാദിയായ നേതാവ് പങ്ക് വെക്കുന്നു'; DYFI

ക്രൂരമായ വർഗ്ഗീയ വിഭജന യുക്തി സുധാകര ശിഷ്യന്മാരും പയറ്റുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കുറിച്ചു.

 • Last Updated :
 • Share this:
  തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിനെ വിമർശിച്ച് ഡിവൈഎഫ്ഐ. രാഹുൽ മാങ്കൂട്ടത്തിൽ വർഗീയവാദിയായ നേതാവാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. പാലക്കാട് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിമർശനത്തിനിടയാക്കിയത്.

  മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നതെന്നായിരുന്നു രാഹുലിന്‌റെ ചോദ്യം. 2016 മുതല്‍ ഇന്ന് വരെ കേരളത്തില്‍ 23 സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് മുസ്ലീം പേരുകൾ കണ്ടു പിടിച്ച് സിപിഎം മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്ക് വെക്കുകയാണെന്ന് സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

  Also Read-'മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

  സ്വന്തം പാർ‌ട്ടി തന്നെ കൊന്ന് തള്ളിയ രക്തസാക്ഷികളുടെ പേര് ഉപയോഗിച്ച് ഇത്രയും ഉളുപ്പില്ലായ്മ പ്രദർശിപ്പിക്കാൻ പറ്റുന്ന ഒരേയൊരു സംഘടന കോൺഗ്രസ്സ് മാത്രമായിരിക്കുമെന്നും വി കെ സനോജ് വിമർശിച്ചു. ക്രൂരമായ വർഗ്ഗീയ വിഭജന യുക്തി സുധാകര ശിഷ്യന്മാരും പയറ്റുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് കുറിച്ചു.

  Also Read-'മുസ്ലീം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥ': വിപി സജീന്ദ്രൻ

  വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്
  2016 മുതൽ ഇന്ന് വരെ കേരളത്തിൽ 23 CPI(M) പ്രവർത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതിൽ 17 കൊലപാതകങ്ങളും നടത്തിയത് ആർ.എസ്.എസാണ്. നാല് പേരെ കോൺഗ്രസ്സുകാർ കൊലപ്പെടുത്തി. പോപ്പുലർ ഫ്രണ്ടും മുസ്ലീം ലീഗും ഓരോ സി.പി.ഐ.(എം) പ്രവർത്തകരുടെ ജീവനെടുത്തു. അപ്പുറത്ത് കൊന്നവരുടെ പാർട്ടി മാറി വരുമ്പോഴും ഇപ്പുറം കൊല്ലപ്പെടുന്നവരുടെ പാർട്ടി മാത്രം മാറിയില്ല.


  ഇങ്ങനെ കൊല്ലപ്പെട്ടവരിൽ കഴിഞ്ഞ പത്തു മാസത്തിനിടെ മാത്രം കൊല്ലപ്പെട്ടത് പത്തനംതിട്ടയിൽ ആർ. എസ്.എസുകാർ കൊന്ന സഖാവ് പി.ബി സന്ദീപ്, തലശ്ശേരിയിൽ ആർ.എസ്. എസുകാർ കൊന്ന സഖാവ് ഹരിദാസൻ, ഇടുക്കി എഞ്ചിനിയറിങ്ങ് കോളേജിൽ വച്ച് കെ.എസ്. യു - യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സഖാവ് ധീരജ്, ഇപ്പോൾ പാലക്കാട് ആർ.എസ്.എസുകാർ തന്നെ കൊന്ന സഖാവ് ഷാജഹാൻ എന്നീ സഖാക്കളാണ്. വിവിധ ജാതി മത പശ്ചാത്തലത്തിൽ നിന്നുള്ളവർ ഇതിലുണ്ട്. ഇവരിൽ എല്ലാം പൊതുവായത് ഒന്ന് മാത്രം. എല്ലാവരും കമ്യൂണിസ്റ്റുകാരാണ്, CPI(M) പ്രവർത്തകരാണ്.
  തനി വർഗ്ഗീയ വാദിയായ ഒരു യൂത്ത് കോൺഗ്രസ് നേതാവ്, ഇങ്ങനെ കൊല്ലപ്പെട്ട 23 CPI(M) പ്രവർത്തകരുടെ ലിസ്റ്റിൽ അയാളുടെ പാർട്ടി തന്നെ കൊന്നവരുടെ ഉൾപ്പെടെ ചില മുസ്ലീം പേരുകൾ കണ്ടു പിടിച്ച് CPI(M) മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്ക് വെക്കുകയാണ്. എത്രമാത്രം നികൃഷ്ടവും മനുഷ്യത്വഹീനവുമാണ് അതെന്ന് മനസിലാകുന്ന ആരെങ്കിലും ആ പാർട്ടിയിൽ ഇന്ന് ബാക്കിയുണ്ടോ എന്നറിയില്ല. CPI(M) കാരെ ക്രൂരമായി കൊന്ന് തള്ളി അതെ കോൺഗ്രസുകാർ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കൊല്ലപ്പെട്ടവരുടെ പാർട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നത് കണ്മുന്നിൽ കണ്ടിട്ടും ഇവിടുത്തെ മാധ്യമങ്ങൾക്ക് പോലും അതൊരു വിഷയമല്ല. ഈ കൊല്ലപ്പെട്ട 23 പേരിൽ 15 പേരും ഹിന്ദു പേരുകാരാണ്. അതിൽ ഭൂരിഭാഗം രക്തസാക്ഷികളുടെയും ജീവനെടുത്ത ആർ.എസ്.എസ്-കാർ സി.പി.ഐ. (എം) ഹിന്ദുക്കളെ ബലി കൊടുക്കുന്നു എന്ന് പറഞ്ഞു കുറച്ചു കാലം മുന്നേ ഡൽഹി കേന്ദ്രീകരിച്ചു ക്യാമ്പയിൻ ചെയ്യാൻ ശ്രമിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഒരു യൂത്ത് കോൺഗ്രസ്സ് മാലിന്യം ഇന്നലെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഒരേ നുകത്തിൽ കെട്ടിയ രണ്ട് രാഷ്ട്രീയ കക്ഷികളിൽ നിന്ന് ഒരേ കുബുദ്ധി മാത്രമേ പ്രതീക്ഷിക്കാനാവൂ.


  ഇക്വിലാബ് സിന്ദാബാദ് എന്ന ഇന്ത്യൻ ദേശീയ - വിപ്ലവ പോരാട്ടത്തിന്റെ സമര ശബ്ദമായി തീർന്ന മുദ്രാവാക്യം രചിച്ച മൗലാന ഹസ്രത് മോഹാനിയിൽ തുടങ്ങി മുസഫർ അഹമ്മദിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ കാലം മുതൽ ഇങ്ങോട്ട് മുസ്ലീം മത വിഭാഗത്തിൽ ജനിച്ച ലക്ഷക്കണക്കിന് നേതാക്കളും പ്രവർത്തകരും കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗമായിരുന്നു. സമീപ കാലത്ത് കേരളത്തിലടക്കം മുസ്ലീം ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതൽ അനുഭാവം പുലർത്തുന്ന പാർടിയാണ് CPI(M). അതിന് ഒരേയൊരു കാരണം വർഗീയതയുടെ രാഷ്ട്രീയത്തിനെതിരെഞങ്ങൾ ശക്തമായ നിലപാട് എടുക്കുന്നു എന്നത് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പ്രതിഫലിച്ചത് ആ നിലപാടിനുള്ള അംഗീകരമാണ്. ഈയൊരു സാഹചര്യത്തെ മറികടക്കാനാണ് സംഘപരിവാർ ഉപയോഗിക്കുന്ന

  ക്രൂരമായ വർഗ്ഗീയ വിഭജന യുക്തി സുധാകര ശിഷ്യന്മാരും പയറ്റുന്നത്. സ്വന്തം പാർടി തന്നെ കൊന്ന് തള്ളിയ രക്തസാക്ഷികളുടെ പേര് ഉപയോഗിച്ച് ഇത്രയും ഉളുപ്പില്ലായ്മ പ്രദർശിപ്പിക്കാൻ പറ്റുന്ന ഒരേയൊരു സംഘടന കോൺഗ്രസ്സ് മാത്രമായിരിക്കും.
  മുസ്ലീമിനെ യഥാർത്ഥത്തിൽ ബലി കൊടുത്ത പാർട്ടിയുടെ പേര് വേണമെങ്കിൽ ഞങ്ങൾ ഓർമിപ്പിച്ചു തരാം. കൊല്ലപ്പെട്ട ആളുടെ പേര് ഇഹ്സാൻ ജാഫ്രി. ഗുജറാത്ത് കലാപ കാലത്ത് കോൺഗ്രസ് പാർടിയുടെ എം.പി. സംഘപരിവാരുകാർ സ്വന്തം വീട്ടിലിട്ടു ചുട്ടു കൊന്നു അദ്ദേഹത്തെ. കൊല്ലപ്പെടുന്നതിന് മുന്നേ സഹായമഭ്യർത്ഥിച്ചു അദ്ദേഹവും ഭാര്യയും സകല കോൺഗ്രസ് നേതാക്കളെയും ആ മനുഷ്യൻ ബന്ധപ്പെട്ടു. ഒരാളും തിരിഞ്ഞു നോക്കിയില്ല, ഫോൺ പോലും ഓഫാക്കി വെച്ചു. കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഇഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നീതിക്കായി അലയുകയാണ്. ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് കാലത്ത് സംഘപരിവാറുകാർ ചുട്ടു കൊന്ന ആ ഇഹ്സാൻ ജാഫ്രിയുടെ പേര് പോലും പറയരുത് എന്നാണ് കോൺഗ്രസ് പാർട്ടി അണികൾക്ക് നൽകിയ ഉപദേശം. യൂത്ത് കോൺഗ്രസ് ഭാഷയിൽ പറയുകയാണെങ്കിൽ കലാപ കാലത്ത് സംഘപരിവാറിനായി തങ്ങളുടെ മുസ്ലീം എം.പിയെ കോൺഗ്രസ് ബലി കൊടുത്തു. അവർക്ക് നീതി വാങ്ങി കൊടുക്കാൻ മുന്നിൽ നിന്നതിനാണ് ഇന്ന് ടെസ്റ്റ സെതിൽവാദ് ഗുജറാത്ത്‌ ജയിലിൽ കിടക്കുന്നത്. ടീസ്തയെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പോലും ശരിയായി പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.


  ബാബറി പള്ളിയിൽ വിഗ്രഹം കൊണ്ട് വച്ച ഗോവിന്ദ് വല്ലഭ പന്ത് എന്ന പഴയ കോൺഗ്രസ് യുപി മുഖ്യന്റെ ബുദ്ധി മുതൽ പള്ളി ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി അനുവദിച്ച രാജീവ്‌ ഗാന്ധിയും പള്ളി പൊളിക്കാൻ ഒത്താശ ചെയ്ത് കൊടുത്ത നരസിംഹ റാവുവും വരെ, മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തെ ഇന്ത്യൻ മണ്ണിൽ വേരുറപ്പിച്ച കോൺഗ്രസിന്റെ ഈ തലമുറയുടെ വർഗ്ഗീയത മനസിലാക്കാൻ മലയാളികൾക്ക് എന്തെങ്കിലും പ്രത്യേക ചിന്തൻ ശിബിർ ഒന്നും വേണ്ട. മുസ്ലീങ്ങൾക്ക് വോട്ടവകാശം പോലും നിഷേധിക്കണമെന്ന് പറഞ്ഞു നടന്ന സവർക്കറിനെ ഇന്ത്യയുടെ 'അസാമാന്യനായ വീര പുത്രനെന്ന്' വിശേഷിപ്പിച്ചു പോസ്റ്റൽ സ്റ്റാമ്പടിച്ച ഇന്ദിരാ കോൺഗ്രസിന്റെ ആരാധകരുടെ ഉള്ളിലിരിപ്പ് കേരളത്തിനറിയാം.
  ഈ ആറ് വർഷക്കാലയളവിനുള്ളിൽ കോൺഗ്രസ്സ് കൊന്ന് തള്ളിയ CPI(M) പ്രവർത്തകർ സഖാക്കൾ സിയാദും, മിഥിലാജും, ഹക്ക്‌മുഹമ്മദും, ധീരജും. പേരുകൾ നോക്കി മതംതിരിച്ചു ലിസ്റ്റിട്ട് കള്ളം പ്രചരിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ ഖദറിൽ ഉണ്ട് ഞങ്ങളുടെ സഖാക്കളുടെ ഹൃദയം ചിന്തിയ ചോര. നുണ കൊണ്ട് മറയ്ക്കാനാകില്ല അത്. ഞങ്ങൾക്ക് മറക്കാനാവുകയുമില്ല.

  Published by:Jayesh Krishnan
  First published: