കണ്ണൂര്‍: കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവരും സ്‌നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന നിർദേശവുമായി ഡിവൈഎഫ്ഐ. ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ നിര്‍ദേശിച്ചു. ഇതിനിടെ, ഇന്ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ക്വട്ടേഷന്‍ വിവാദം ചര്‍ച്ചയായേക്കുമെന്നാണ് വിവരം.
യുവാക്കളില്‍ വലിയൊരു വിഭാഗം കള്ളക്കടത്തുകാരുടെ താരപരിവേഷത്തിലും വീരാരാധനയിലും മുഴുകി അവര്‍ക്ക് ലൈക്ക് അടിക്കുകയും ഫാന്‍സ് ക്ലബ് ഉണ്ടാക്കുകയും സ്‌നേഹാശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ അത് പാടില്ലെന്നാണ് ഡിവൈഎഫ്‌ഐ അറിയിക്കുന്നത്. അര്‍ജുന്‍ ആയങ്കിയുടെ വിവാഹ പാര്‍ട്ടിയില്‍ ഒരുപാട് പേര്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, ആകാശ് തില്ലങ്കേരിയുടെ പിറന്നാള്‍ ആഘോഷത്തിലും നിരവധിപ്പേര്‍ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തിരത്തിലുള്ള വിവാദ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലൈക്കടിക്കുകയും സ്നേഹം വാരി വിതറുകയും ചെയ്യുന്ന സംഭവങ്ങൾ കൂടിയതോടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ് വരുന്നത്.
Also Read- രാമനാട്ടുകര സ്വർണ്ണ കവർച്ച കേസ്: സിപിഎമ്മുമായി ബന്ധമില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി
കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ ബ്ലോക്ക് കമ്മിറ്റികള്‍ക്ക് കീഴില്‍ നേരത്തെ ഡിവൈഎഫ്ഐ ക്വട്ടേഷന്‍ സംഘത്തിനെതിരെ അവരുടെ പേര് എടുത്തുപറഞ്ഞ് വാഹനപ്രചാരണ ജാഥകള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഫേസ്ബുക്ക് കുറിപ്പ്. ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും യുവാക്കളും വിദ്യാര്‍ഥികളും ക്വട്ടേഷന്‍ സംഘാംഗങ്ങളെ വീരാരാധനയോടെ കാണുന്നതും അവര്‍ക്ക് ഫേസ്ബുക്കില്‍ ലൈക്ക് അടിക്കുന്നതും എല്ലാം തന്നെ അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പാര്‍ട്ടിയൊ,
ആര് ?
പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും,
സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ ?
കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി,
ഏത് നിറമുള്ള പ്രൊഫയില്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.
സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാന്‍ എളുപ്പമാണ്.
ഇവിടെ നമ്മള്‍ കാണുന്നതും അത്തരം രീതി തന്നെയാണ്.
ചുവന്ന പ്രൊഫയില്‍ വെച്ച് ആവേശം വിതറുന്ന തലക്കെട്ടില്‍ തരാതരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാം.
ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവര്‍ 'നേതാക്കളായി' മാറി.
പകല്‍ മുഴുവന്‍ ഫെയ്‌സ് ബുക്കിലും,രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങള്‍'.
കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പൊഴും അവരില്‍ ചിലര്‍ക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു.
കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്‌നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോവുക.
നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ
പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല.
ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ DYFl കാല്‍നട ജാഥകള്‍ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്.
ഒടുവില്‍ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്.
അതിനാല്‍ സംശത്തിന് ഇടമില്ലാതെ
യാഥാര്‍ത്ഥ്യം തിരിച്ചറിയുക.
ഇത്തരം അരാജകത്വ സംഘങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നോട്ട് വരിക.
ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. പുതിയ സാഹചര്യത്തിൽ ക്വട്ടേഷന്‍ വിവാദവും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. എന്നാല്‍ ക്വട്ടേഷന്‍ വിവാദവിഷയം നേരത്തെ തന്നെ പാര്‍ട്ടി ദിവസങ്ങളോളം എടുത്ത് ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെയും അവരുമായി ബന്ധപ്പെടുന്നവരെയും തള്ളിപ്പറഞ്ഞിരുന്നു. പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാള്‍ക്കും ക്വട്ടേഷന്‍ ബന്ധങ്ങളില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Dyfi, Kannur, Quotation, Quotation attack