തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ പ്രസ്താവന അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
ബിജെപി കൂടാരത്തില്‍ അധികാരത്തിന്റെ അപ്പകഷ്ണവുമന്വേഷിച്ചു പോകുന്നവര്‍ മഹത്തായ രക്ഷസാക്ഷിത്വങ്ങളെ അപമാനിക്കുന്നത് പുരോഗമന സമൂഹം സഹിച്ചെന്നു വരില്ലെന്ന് ഡിവൈഎഫ്ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
അനീതിയ്ക്കും അധര്‍മ്മത്തിനുമെതിരെ ശബ്ദിച്ചതിനാലാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്ന് ലോക വ്യാപകമായി വിശ്വസിക്കപ്പെടുന്നു. യേശു സമരം ചെയ്തത് യാഥാസ്ഥിതിക പുരോഹിത സമൂഹത്തിനെതിരായും റോമാ സാമ്രാജ്യത്വത്തിനെതിരെയുമായിരുന്നു. അതിന്റെ പരിണിത ഫലമാണ്, ആ നീതിമാന്റെ രക്തസാക്ഷിത്വം.
ഇന്നലെ വൈകുന്നേരം കണ്ണുർ ചെറുപുഴയിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനി വിവാദ പരാമർശം നടത്തിയത്. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന പാംപ്ലാനിയുടെ പരാമർശം രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.