തിരുവനന്തപുരം: രക്തബന്ധം ഉള്ളവർ പോലും അവയവദാനത്തിന് മടിക്കുമ്പോൾ പാർട്ടി നേതാവിന് കരൾ പകുത്തു നൽകിയ കഥയാണ് തിരുവനന്തപുരം കരകുളത്തെ ഡിവൈഎഫ്ഐ നേതാവിന് പറയാനുള്ളത്. പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗം എ.വി. പ്രിയങ്കയാണ് ത്യാഗത്തിന്റെ അസാധാരണ മാതൃകയായത്. സി പി എം പേരൂർക്കട ഏര്യാ സെക്രട്ടറി എസ് എസ് രാജാലാലിന് ഇതിലൂടെ ലഭിച്ചത് പുതുജീവിതവും.
ഗുരുതരമായ കരൾ രോഗം ബാധിച്ച എസ്.എസ്.രാജാലാലിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ കുടുംബവും പാർട്ടി നേതാക്കളും വലിയ ആശങ്കയിലായിരുന്നു. കരൾ മാറ്റമല്ലാതെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. രാജാലാലിന്‍റെ ഭാര്യ കരൾദാനത്തിന് തയാറായെങ്കിലും രക്ത ഗ്രൂപ്പ് യോജിച്ചില്ല. പിന്നീട് നടന്നത് തീർത്തും അവിശ്വസനീയ സംഭവങ്ങൾ.
പാർട്ടി ബ്രാഞ്ച് സെക്രട്ടറി പറഞ്ഞ് രാജാലാലിന്‍റെ ചികിത്സയെക്കുറിച്ച് അറിഞ്ഞ ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗം പ്രിയങ്ക കരൾ ദാനം ചെയ്യാൻ സന്നദ്ധയായി മുന്നോട്ടുവന്നു. കുടുംബവും മകൾ തീർഥയും പാർട്ടിയും പ്രിയങ്കയുടെ തീരുമാനത്തിന് ഒപ്പം നിന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസമായി. രാജാലാൽ ജീവിതത്തിലേക്കു മടങ്ങി വരുന്നു. പ്രിയങ്കയും വിശ്രമത്തിലാണ്. ഭയം കൊണ്ട് അവയവദാനത്തിനു മടിക്കുന്നവരോട് പ്രിയങ്കയ്ക്ക് പറയാനുള്ളത് ഇതു മാത്രമാണ്. ആദ്യം പേടി തോന്നും. തീരുമാനമെടുക്കുന്ന ഒരൊറ്റ നിമിഷം വരെ മാത്രമെ അത് ഉണ്ടാകൂ. തനിക്ക് ആ സ്പോട്ടിൽ തോന്നിയ ധൈര്യത്തിന്‍റെ പുറത്താണ് ഇതിന് തയ്യാറായത്. ഈയൊരു തീരുമാനത്തിലൂടെ ഒരാളുടെ ജീവൻ നിലനിർത്താൻ സാധിക്കുന്നത് കാര്യം ആലോചിക്കുമ്പോൾ ധൈര്യമായിയെന്നും പ്രിയങ്ക പറയുന്നു.
കരൾദാനം ചെയ്തതിനെക്കുറിച്ച് പ്രിയങ്ക എഴുതിയ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
ഞാൻ പ്രിയങ്ക . DYFI പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും DYFI കരകുളം മേഖല ജോ. സെക്രട്ടറിയുമാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്റെ ജീവിതത്തിലെ എന്റെ തീരുമാനങ്ങളിലെ പ്രധാന അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു പൊയ് കൊണ്ടിരിക്കുന്നത്. CPIM പേരൂർക്കട ഏരിയാ സെക്രട്ടറി സ:ട. ട. രാജലാലിന്റെ അസുഖ വിവരങ്ങളെ കുറിച്ച് ചെറുതായി അറിയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഏണിക്കര ബ്രാഞ്ച് സെക്രട്ടറി സ: പ്രശാന്തേട്ടന്റെ കടയിൽ വെച്ച് സ: രാജ ലാലിന്റെ അസുഖത്തെ കുറിച്ചും ഡോണറെ പറ്റിയുള്ള സംഭാഷണങ്ങളെ കുറിച്ചും കേൾക്കാനിടയായി. കരകുളത്തിന്റെ പ്രിയ നേതാവ്.... ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയ്ക്കൊപ്പം, പാർട്ടിക്കാരനൊപ്പം നിലക്കുന്ന കരകുളത്തിന്റെ പ്രിയപ്പെട്ടവൻ..... പ്രദേശത്തെ ഏത് ജനകീയ പ്രശ്നങ്ങളിലും മുന്നിട്ടു നില്കുന്നവൻ....
'' വൈകിട്ട് വീട്ടിൽ ചെന്ന് സ. പ്രശാന്തേട്ടനെ വിളിച്ചു" എന്റെ കരൾ മാച്ചാവുമെങ്കിൽ ഡോണറാകാൻ ഞാൻ തയ്യാറാണ്".
പ്രശാന്തേട്ടൻ വിശ്വാസമില്ലാതെയാണ് കേട്ടതെങ്കിലും എന്റെ തീരുമാനത്തിലെ സ്ഥൈര്യത കൊണ്ടാകണം കരകുളം ലോക്കൽ സെക്രട്ടറി അജിസഖാവിനോടു സംസാരിക്കുകയുണ്ടായി. എന്റെ തീരുമാനം ഞാൻ സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലന്ന് ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അതവർക്ക് വിശ്വാസമായതോടെ സർജറിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടന്നു. എനിക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. സർജറി കഴിയുന്നതുവരെ ഡോണർ ആരെന്ന് പറയരുതെന്ന് . എന്റെ കരൾ മാച്ചാണോ മറ്റു പരിശോധനകൾ എന്നിവയ്ക്കായി ഞാനും അമ്മയും മകളുമായി എറണാകുളം ആസ്റ്ററിലേക്ക് .... റിസൾട്ട് വന്നു.... മാച്ചാണ്. വളരെ സന്തോഷമായി. ഈ സമയത്ത് സ. രാജലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സർജറി വേണമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11ന് എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ റിവ്യൂ നടത്തി കാര്യങ്ങളൊക്കെ വിശദമാക്കി. 12 ന് രാവിലെ സർജറി തീരുമാനിച്ചു. മാനസികാവസ്ഥ നല്ല സമ്മർദ്ദത്തിലായിരുന്നു. എന്ത് തന്നെ ആയാലും ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജൻമം കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും നൻമയാണിതെന്നും ഞാൻ ഉറച്ചു വിശ്വസിച്ചു.
ജൂലൈ 12 ന് രാവിലെ ഏകദേശം 12 മണിക്കൂറോളം നീണ്ടു നിന്ന സർജറി. 7 ദിവസം ഐ സി യുവിൽ . വേദനകളും അസ്വസ്ഥതകളും സമ്മിശ്രമായി മാറി മറിഞ്ഞ ദിനരാത്രങ്ങൾ.... കുഞ്ഞിനെ കാണാൻ കഴിയാത്ത സങ്കടങ്ങൾ ... വേദനകൾ എല്ലാമുണ്ടെങ്കിലും അതിനപ്പുറം വിണ്ണിൽ പാറി പറക്കുന്ന ചെങ്കൊടി നൽകുന്ന ആത്മവിശ്വാസം... അപാരമായ മാനവികതയുടെ സ്നേഹം... പിന്നെ പതിയെ പതിയെ സാധാരണ ദിവസങ്ങളിലേക്ക് .. തിരികെ കരകുളത്ത് എത്തി. സ: ട. ട. രാജലാൽ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
ഞാൻ സ്വന്തമായി എടുത്ത തീരുമാനത്തിൽ - പ്രലോഭനങ്ങൾ കൊണ്ട് എന്നെ കൊണ്ടു പോയതാണന്ന് പറഞ്ഞവർ, നിരുത്സാഹപ്പെടുത്തിയവർ, വിമർശിച്ചവർ, ഒറ്റപ്പെടുത്തിയവർ, ഒക്കെയായവർക്കും നന്ദി.....
ഒറ്റപ്പെടുത്തി കൂടുതൽ കരുത്തയാക്കിയതിന്...
ചിന്തകൾക്ക് തെളിമ നൽകിയതിന് .... തീരുമാനങ്ങൾക്ക് ഉറപ്പേകിയതിന് ....
എന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നവർക്ക്, സ്നേഹം അറിയിച്ചവർക്ക്, കൂടെ കൂടിയവർക്ക്, പ്രശാന്തേട്ടൻ, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീൺ ചേട്ടൻ, അരുൺ ചേട്ടൻ , ആദ്യം മുതൽ ഒപ്പം നിന്ന CPIM തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക് ജില്ലാ സെക്രട്ടറി സ: ആനാവൂർ നാഗപ്പൻ , സ : കടകംപള്ളി സുരേന്ദ്രൻ , DYFI തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നൽകി കൂടെ നിന്ന പ്രിയപ്പെട്ടവർ, കരകുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും, KCEU (CITU), പ്രവർത്തകർ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ..... എറണാകുളത്തെ പ്രിയ സഖാക്കൾ.....പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്നേഹം മാത്രം.
ഒന്നേ പറയാനുള്ളൂ.
ഈ ചെങ്കൊടി കരുത്താണ് ...
രക്തസാക്ഷികൾ ജീവൻ കൊടുത്തുയർത്തിയ പ്രസ്ഥാനം ....
ഇവിടെ ഒരായിരം പേരുണ്ടാകും കരുത്തും കരളും നല്കാൻ....
പ്രിയപ്പെട്ട രാജലാൽ സഖാവേ അങ്ങ് പെട്ടന്ന് കരുത്തനായി വരിക.....
ഓരോ കമ്മ്യണിസ്റ്റ് കാരനേയും ഈ നാടിനു വേണം....
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Dyfi, Kerala news, Liver, Thiruvananthapuram