veതിരുവനന്തപുരം: അന്തരിച്ച മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർസ്പെഷൽ കറസ്പോണ്ടന്റുമായ ഇ സോമനാഥ് അനുസമരണ സമ്മേളനം നാളെ നടക്കും. വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. നേതാക്കളായ കെ. സി. വേണുഗോപാൽ, കാനം രാജേന്ദ്രൻ, മന്ത്രി ആന്റണി രാജു, എം. എം. ഹസൻ, എം. കെ. മുനീർ, മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു എന്നിവർ സംസാരിക്കും. മീഡിയ അക്കാദമിയുടെ സഹകരണത്തോടെ ഇ. സോമനാഥ് ഫ്രറ്റേണിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 28നാണ് മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു.മുതിർന്ന മാധ്യമപ്രവർത്തകന്റെ കനമില്ലാതെ സൗമ്യലളിതമായി ഇടപെട്ടതിനാൽ ‘സോമേട്ടൻ’ എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്. അനനുകരണീയമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാള മനോരമ എഡിറ്റോറിയൽ പേജിൽ ‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്തു. വിപുലമായ വായനയിലൂടെ നേടിയ അറിവ് ആ എഴുത്തിന് കരുത്തു നൽകി.
അദ്ദേഹത്തിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും ഫലിതബോധം കൊണ്ടും വേറിട്ടുനിന്നു.മുപ്പതുവർഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്. നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാറൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് ആദരിച്ചത്. റിപ്പോർട്ടിങ്ങിനായി എത്തുന്ന യുവമാധ്യമപ്രവർത്തകർക്ക് മാർഗനിർദ്ദേശങ്ങൾ തേടാൻ കഴിയുന്ന വ്യക്തിയായിരുന്നു സോമനാഥ്.
നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃദ് വലയത്തിൽ ഉൾപ്പെട്ടു.തികഞ്ഞ പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് എത്താത്ത കാടുകൾ കേരളത്തിൽ കുറവാണ്.ദിവസങ്ങളോളം കാടിനുള്ളിൽ ചെലവഴിച്ചിരുന്ന സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു.ഉൾ വനത്തിൽ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.
34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച സോമനാഥ് കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു.
മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും അതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകൻ.
സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, സർവകലാശാല ക്യാംപസ്), വേലായുധൻകുട്ടി (റിട്ട. അധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്കൂൾ), ബാലസുബ്രഹ്മണ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: E Somanath, Journalist