കൊച്ചി: ചെരിവ് കണ്ടെത്തിയ കൊച്ചി മെട്രോ(Kochi Metro) തൂൺ പരിശോധിക്കാൻ ഡി എം ആർ സി മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരൻ(E Sreedharan) എത്തി. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിർവ്വഹിച്ച കമ്പനിയുടെ വിദഗ്ദരും ശ്രീധരനൊപ്പമുണ്ടായിരുന്നു. മെട്രോ റെയിലിൻ്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാo നമ്പർ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്.
തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടക്കുന്നത്. ഇപ്പോൾ നടക്കുന്ന പരിശോധനയ്ക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിർദ്ദേശങ്ങളും കെ എം ആർ എല്ലിനു സമർപ്പിക്കും. പിന്നീട് വിദ്ഗ്ദ്ധ സമിതി ചേർന്നായിരിക്കും അപാകത പരിഹരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കെ എം ആർ എൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ തകരാർ ബോദ്ധ്യപ്പെട്ടതോടെ വിശദാശങ്ങൾ ഡി എം ആർ സി യെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിൻ്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിൻ്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തിൽ ചരിവുകളുണ്ടാകാറുണ്ട്. എന്നാൽ തൂണിൻ്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
കെ എം ആർ എല്ലിൻ്റെയും, ഡി എം ആർ സി യുടെയും എഞ്ചിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന. തൂണിൻ്റെ ചെരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ട്രയിൻ സർവീസുകൾ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ കഴിയുമെന്നുമാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്.ഡി എം ആർ സി യുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത്.
വയഡക്ടിനും, ട്രാക്കിനുമിടയിൽ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്ചയായിരുന്ന ശ്രദ്ധയിൽപ്പെട്ടത്. തൂണിൻ്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിൻ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്.
തകരാറുകൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് കെ എം ആർ എൽ നടത്തുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.