കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ യുണീടാക് എംഡി സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം. സന്തോഷ് ഈപ്പൻ ആറ് കോടി രൂപ കോഴയായി നൽകിയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കേസെടുത്തത്. പി.എസ് സരിത്തും സ്വപ്‌ന സുരേഷും മൂന്നും നാലും പ്രതികളാണ്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. കേസിൽ ശിവശങ്കറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്കായി യുഎഇ എൻജിഒ റെഡ് ക്രസന്റ് നൽകിയ 18.5 കോടി രൂപയിൽ നിന്ന് 4.4 കോടി രൂപയോളം സന്തോഷ് ഈപ്പൻ കമ്മീഷനായി തട്ടിയെടുത്തു എന്നാണ് ആരോപണം. കമ്മീഷൻ തുക ഉപയോഗിച്ച് 3.80 കോടി രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ കരിഞ്ചന്തയിൽ നിന്ന് വാങ്ങുകയും തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പണം കൈമാറുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.