കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകി. ശിവശങ്കർ സർവീസിൽനിന്ന് വിരമിക്കുന്ന ജനുവരി 31 ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് ഇ.ഡി നിര്‍ദ്ദേശം നൽകിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സരിത്ത്, യുണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴി നേരത്തെ ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ശിവശങ്കറിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, ചൊവ്വാഴ്ച താന്‍ വിരമിക്കുന്ന ദിവസമാണെന്ന് കാണിച്ച് സമയം മാറ്റി നല്‍കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിക്കുമ്പോൾ ഇ.ഡി തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമെന്ന പ്രവചനം ശരിയായെന്ന് ശിവശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘പ്രവചനം സത്യം തന്നെ, ഇന്നത്തെ രജിസ്റ്റേർഡ് പോസ്റ്റിൽ കിട്ടിയിട്ടുണ്ട്! സാധനം കൈയ്യിലുണ്ട്’- എന്നാണ് ശിവശങ്കർ പരിഹാസരൂപേണ പോസ്റ്റിട്ടത്.
അതേസമയം ലൈഫ് മിഷൻ കരാർ യുണിടാക്കിന് ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്‌നയുള്‍പ്പടെയുള്ളവര്‍ ഇ.ഡിക്ക് നല്‍കിയിരിക്കുന്ന മൊഴി. ഇതേക്കുറിച്ച് വിശദമായി ചോദിച്ചറിയാനാണ് ശിവശങ്കറിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നത്. ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറില്‍ നിന്ന് ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചറിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.