നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ളപ്പണക്കേസ് അട്ടിമറിയ്ക്കാന്‍ സമാന്തര അന്വേഷണം; മോഹന്‍ കമ്മീഷനെതിരെ ഇ.ഡി ഹൈക്കോടതിയിലേക്ക്

  കള്ളപ്പണക്കേസ് അട്ടിമറിയ്ക്കാന്‍ സമാന്തര അന്വേഷണം; മോഹന്‍ കമ്മീഷനെതിരെ ഇ.ഡി ഹൈക്കോടതിയിലേക്ക്

  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതി ചേര്‍ക്കുന്നതിനായി ഗൂഡാലോചന നടന്നോയെന്ന് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വി. കെ. മോഹന്‍ കമ്മീഷന്‍ നടപടിക്രങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ഇഡിയുടെ പ്രതിരോധം

  enforcement directorate

  enforcement directorate

  • Share this:
  കൊച്ചി:‍ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച വി കെ മോഹന്‍ കമ്മീഷനെതിരെ ഇ.ഡി ഹൈക്കോടതിയിൽ ഹർജി നൽകും. കള്ളപ്പണക്കേസ് അട്ടിമറിക്കാനുള്ള സമാന്തര അന്വേഷണമാണിതെന്നാണ് ഇ ഡിയുടെ വാദം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതി ചേര്‍ക്കുന്നതിനായി ഗൂഡാലോചന നടന്നോയെന്ന് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വി. കെ. മോഹന്‍ കമ്മീഷന്‍ നടപടിക്രങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് പ്രതിരോധവുമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രംഗത്തെത്തിയത്.

  സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായരുടെ കത്ത് എന്നിവയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന പൊതുജനങ്ങളടക്കമുള്ളവര്‍ക്ക് തെളിവു നല്‍കാം എന്ന് വ്യക്തമാക്കി ജുഡീഷ്യല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം പത്രപരസ്യം നല്‍കിയിരുന്നു. അന്വേഷണത്തില്‍ കക്ഷി ചേരുന്നതിനും താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു.

  ഇതിനെതിരായാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രംഗത്തെത്തിയിരിയ്ക്കുന്നത്. അന്വേഷണം പുരോഗമിയ്ക്കുന്ന കേസിലെ സമാന്തര അന്വേഷണം തെളിവു നശിപ്പിയ്ക്കാന്‍ ഇടവരുത്തുമെന്നാണ് ഇ.ഡി.യുടെ പരാതി. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഇ.ഡി. വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ സമാനമായ വിഷയത്തില്‍ ഇ.ഡി.യ്‌ക്കെതിരെ രണ്ടു കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരായ ഇ.ഡിയുടെ ഹര്‍ജിയില്‍ വിശദമായി വാദം കേട്ട ഹൈക്കോടതി രണ്ട് എഫ്.ഐ.ആറുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

  ക്രൈംബ്രാഞ്ച് റദ്ദാക്കിയ കേസുകളിലെ അതേ വിഷയത്തിലുള്ള ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം നിയമവിരുദ്ധമാണെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. ഒപ്പം കമ്മീഷന്റെ പ്രവര്‍ത്തനം നിലവിലുള്ള കള്ളപ്പണക്കേസുകളെ അസ്ഥിരമാക്കുമെന്ന ആശങ്കയും ഇ.ഡി.യ്ക്കുണ്ട്.

  കമ്മീഷന്‍ അന്വേഷണം ആരംഭിച്ചാല്‍ സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ കേസുകളിലെ പ്രതികളെയടക്കം വിളിച്ചുവരുത്തി വിസ്ത രിയ്ക്കുന്നതിനുള്ള സാധ്യതകളുണ്ട്.ഈയവസരം വിനിയോഗിച്ച് സാക്ഷികളായെത്തുന്നവര്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ ബോധപൂര്‍വ്വം മൊഴി നല്‍കുമെന്നും ഇത് കേസുകളെ ദുര്‍ബലമാക്കുമെന്നും ഇ.ഡിയ്ക്ക് ആശങ്കയുണ്ട്.

  അതേസമയം ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയോ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായോ അല്ല അന്വേഷണമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പ്രതികളുടെ ശബ്ദരേഖയിലും കത്തിലും പറയുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടോയെന്ന് കണ്ടെത്തുക, സംഭവങ്ങള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥതല ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിയ്ക്കുമെന്നും കമ്മീഷന്‍  പറഞ്ഞു.

  ജയിലില്‍ കഴിയവെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായാണ് മാധ്യങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയില്‍ വ്യക്തമാക്കിയിരുന്നത്. സമാനമായ പരാതിയാണ് സന്ദീപ് നായര്‍ അഭിഭാഷകന്‍ മുഖേന പുറത്തുവിട്ട കത്തിലുമുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന് സാക്ഷിയാണെന്ന് സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഇ.ഡിയ്‌ക്കെതിരെ ക്രൈബ്രാഞ്ച് കേസെടുത്തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടയിലും കേസില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് ഗൂഡമായ ഉദ്ദേശ്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ മൊഴിയ്ക്കു പിന്നില്‍ കള്ളപ്പണക്കേസ് അട്ടിമറിയ്ക്കാനുള്ള ഗൂഡാലോചനെയെന്നായിരുന്നു ഇ.ഡി.യുടെ മറുവാദം.

  ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ ഇടപെടാൻ മറ്റൊരു ഏജൻസിയ്ക്ക് അവകാശമില്ലെന്ന നിരീക്ഷണത്തിലായിരുന്നു ഹൈക്കോടതി അന്വേഷണം റദ്ദാക്കിയത്. അന്വേഷണ രേഖകളിൽ വിചാരണ കോടതിയ്ക്ക് തുടർ നടപടികൾ കൈക്കൊള്ളാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് കമ്മീഷൻ്റെ അന്വേഷണമെന്നും ഇ ഡി. വാദിയ്ക്കുന്നു. ഇ.ഡി.യുടെ ഹർജി അംഗീകരിച്ച് നടപടിക്രമങ്ങൾ നിർത്തി വച്ചാൽ തെളിവു ശേഖരണമടക്കമുള്ള കമ്മീഷൻ നടപടികളും പ്രതിസന്ധിയിലാവും. ആറു മാസമാണ് കമ്മീഷൻ്റെ കാലാവധി. സ്വപ്നയുടെ ശബ്ദരേഖ, സന്ദീപ് നായരുടെ കത്ത് എന്നിവയ്ക്കൊപ്പം വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷന് ഉചിതമെന്ന് തോന്നുന്ന മറ്റുവിഷയങ്ങളും പരിഗണിയ്ക്കാമെന്ന് ടേംസ് ഓഫ് റഫറൻസിൽ വ്യക്തമാക്കിയിരുന്നു.
  Published by:Anuraj GR
  First published:
  )}