കാസർകോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസായിരുന്നു. എടനീര്‍ മഠത്തില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിന് പാർലമെന്റിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി നേടിയെടുത്തത് കേശവാനന്ദ ഭാരതിയാണ്.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ 19ാംവയസ്സിൽ 1960 നവംബർ 14ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളിൽ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്നത്. ഭൂപരിഷ്കരണ നിയമത്തിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഈ സുപ്രധാന വിധി. കേരളസർക്കാരിനെയും മറ്റും എതിർകക്ഷിയാക്കി 1970 മാർച്ച് 21നാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന കേസാണിത്. 68 ദിവസം. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 നാണ് ആ ചരിത്രവിധി ഉണ്ടായത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.