HOME » NEWS » Kerala » EID UL FITR 2021 KERALA CELEBRATE EID UL FITR WITHOUT GATHERING TODAY

Eid-Ul-Fitr 2021 | ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

കോവിഡ് മഹാമാരി വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും പെരുന്നാൾ ആഘോഷങ്ങള്‍ വീടുകളില്‍ ഒതുങ്ങും

News18 Malayalam | news18-malayalam
Updated: May 13, 2021, 6:29 AM IST
Eid-Ul-Fitr 2021 | ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
News18
  • Share this:
തിരുവനന്തപുരം: ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കുന്നത്. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു.

കോവിഡ് മഹാമാരി വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും പെരുന്നാൾ ആഘോഷങ്ങള്‍ വീടുകളില്‍ ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനം ഒഴിവാക്കും. പള്ളികൾ അടഞ്ഞു കിടക്കുന്നതിനാൽ പെരുന്നാള്‍ നിസ്‌കാരവും ഉണ്ടാവില്ല.

റമദാന്‍ വ്രതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ ലോക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയിരുന്നെങ്കില്‍ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു. ദുരിതങ്ങളില്‍ നിന്ന് മോചനത്തിനായുള്ള പ്രാര്‍ത്ഥനയുമായാണ് പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുക.

Also Read- Eid al-Fitr 2021 | ഈദ് ഉൽ ഫിത്റിന്റെയും ഈദ് ഉൽ അദ്ഹയുടെയും സവിശേഷതകൾ അറിയാം

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം സമൂഹത്തിനും കുടുബത്തിനും പ്രയോജനപ്പെടുന്നതാകണം അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച് ഈദുല്‍ ഫിത്തര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറകണമെന്നും അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുന്നാള്‍ സന്ദേശം





മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാന്‍. ഈദ് ദിനത്തിലും വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അത്‌കൊണ്ട് തന്നെ ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്വയം പാലിക്കാന്‍ എല്ലാവരും തയാറാകണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുകയാണ്.

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുക.
Published by: Anuraj GR
First published: May 13, 2021, 6:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories