കൊല്ലം: വഴിത്തർക്കവുമായി ബന്ധപ്പെട്ട് വീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച അയൽവാസിയായ സ്ത്രീ റിമാൻഡിലായി. കൊല്ലം കുന്നത്തൂർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട സുരേഷ് ഭവനിൽ സുരേഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി(44)ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംനട കിഴക്കേടത്ത് വീട്ടിൽ ലളിതയെ(52) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പകൽ 11.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ലളിത കല്ല് കൊണ്ട് ഗീതാകുമാരിയെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ കൈയ്ക്കും തലയ്ക്കും പൊട്ടലേറ്റ ഗീതാകുമാരിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശൂരനാട് പൊലീസ് ലളിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലളിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
Also Read- ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ
ഏറെ നാളായി ഇരു വീട്ടുകാരും തമ്മിൽ വഴി തർക്കം നിലനിൽക്കുകയായിരുന്നു. ഇതുമായിബന്ധപ്പെട്ട് നിരവധി തവണ ഇരു വീട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും സംഘർഷവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഗീതാകുമാരിയുടെ ഭർതൃ മാതാവിനെയും ലളിത കമ്പിച്ചൂൽ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിലും ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ലളിത നൽകിയ പരാതിയിൽ ഗീതാകുമാരിക്ക് എതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.