തൃശ്ശൂർ: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോൺ ഡിസ്പ്ലെയുടെ വിടവിലൂടെ സ്ഫോടനത്തിൽ ആദിത്യ ശ്രീയുടെ മുഖം തകരുകയം ഫോൺ ഉപയോഗിച്ചിരുന്ന കൈ വിരലുകൾ അറ്റു പോകുകയും ചെയ്തു. ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
Also Read- തിരുവില്വാമലയിൽ പൊട്ടിത്തെറിച്ചത് 3 വർഷം മുൻപ് വാങ്ങിയ ഫോൺ; കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്ക്
കഴിഞ്ഞ ദിവസമാണ് തിരുവില്വാമലയിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചത്.
കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്നു വർഷം മുൻപ് പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ബാറ്ററി മാറ്റിയിരുന്നു. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തു.
അപകടം നടക്കുമ്പോൾ കുട്ടി പുതപ്പിനുള്ളിലായിരുന്നു. പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.