പി. ജയരാജൻ: പാർട്ടി നിയോഗിച്ചത് വടകര തിരിച്ചുപിടിക്കാൻ

മുരളീധരൻ എതിരാളിയായി വരുന്നതോടെ ശക്തമായ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്ന വടകരയിൽ സഹോദരി കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ചരിത്രനിയോഗവും പി.ജയരാജനുണ്ട്

news18
Updated: March 29, 2019, 4:36 PM IST
പി. ജയരാജൻ: പാർട്ടി നിയോഗിച്ചത് വടകര തിരിച്ചുപിടിക്കാൻ
പി ജയരാജൻ
  • News18
  • Last Updated: March 29, 2019, 4:36 PM IST
  • Share this:
ഒരുകാലത്ത് ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയായിരുന്നു വടകര. ഇടത് തരംഗം ആഞ്ഞടിച്ച 2004ൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ച വടകര രാഷ്ട്രീയമായി മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ആർഎംപിയുടെ രൂപീകരണവും മണ്ഡലത്തിൽ ശക്തരമായ ജനതാദൾ യുഡിഎഫിനൊപ്പം ചേർന്നതുമാണ് നിർണായകമായത്. ഇതോടെ 2009ലും 2014ലും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ വടകര യുഡിഎഫ് സ്വന്തമാക്കി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ഇത്തവണ പോരിനിറക്കിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതിൽ കുറഞ്ഞതൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല. മുരളീധരൻ എതിരാളിയായി വരുന്നതോടെ ശക്തമായ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്ന വടകരയിൽ സഹോദരി കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ചരിത്രനിയോഗവും പി.ജയരാജനുണ്ട്.

ആരാണ് പി. ജയരാജൻ?

1999ലെ തിരുവോണ നാളില്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ പി. ജയരാജന്‍റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന നാളുകളാണ്. ഇക്കാലയളവിൽ പി ജയരാജന്‍ മുന്‍കൈയെടുത്ത് കണ്ണൂരില്‍ തുടങ്ങിയ ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍(IRPC) എന്ന സ്ഥാപനം സ്വാന്തന പരിപാലനരംഗത്ത് നടത്തിയ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കൂത്തുപറമ്പിൽനിന്ന് മൂന്നുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പി. ജയരാജൻ ഇടക്കാലത്ത് ദേശാഭിമാനി ദിനപത്രത്തിന്‍റെ ജനറൽ മാനേജരുമായിരുന്നു.

എന്തുകൊണ്ട് പി. ജയരാജൻ?

കേരളത്തിലെ തന്നെ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ലോക്സഭാ മണ്ഡലമാണ് വടകര. കണ്ണൂർ ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടകരയിൽ പി. ജയരാജനുള്ള സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം. രണ്ടുതവണയായി നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാൻ ജയരാജനോളം കരുത്തനായ മറ്റൊരു സ്ഥാനാർത്ഥിയില്ലെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മൂവായിരത്തിൽപ്പരം വോട്ടുകൾക്കാണ് 2014ൽ മുല്ലപ്പള്ളിയോട് എ.എൻ ഷംസീർ തോറ്റത്. പി. ജയരാജനെപ്പോലൊരു പരിചയസമ്പന്നനെ അണിനിരത്തുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തൽ.

അനുകൂലഘടകം

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയമാണ് വടകര തിരിച്ചുപിടിക്കാനാകുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. കുറ്റ്യാടിയിൽ ലീഗ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള ജയിച്ചത് നേരിയ ഭൂരിപക്ഷത്തിലാണ്. ജയരാജനെപ്പോലെ കരുത്തനായ സ്ഥാനാർത്ഥിയെ അണിനിരത്തുന്നതിലൂടെ പാർട്ടി വോട്ടുകൾ പൂർണമായും പെട്ടിയിലാക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ ഒപ്പമില്ലാതിരുന്ന വീരേന്ദ്രകുമാറിന്‍റെ ജനതാദൾ തിരിച്ചെത്തിയതും അനുകൂലഘടകമാണ്. മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള ജനതാദളിന്‍റെ സാന്നിദ്ധ്യവും വിജയം ഉറപ്പിക്കാൻ സഹായിക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
First published: March 27, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading