തിരുവനന്തപുരം: യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കി പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ പരാതികള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട്ടെ എം. കെ. രാഘവന്, വടകരയിലെ കെ. മുരളീധരന് എന്നിവരാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. പാലക്കാട്ടെ വി. കെ ശ്രീകണ്ഠന് എതിരേ ജില്ലാ നേതാക്കളും പരാതി നല്കി. മണ്ഡലത്തില്‍ സ്വാധീനമുള്ള പ്രമുഖ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം നടക്കാത്തതുമാണ് പരാതിക്കു പിന്നില്‍. ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നാണ് ശശി തരൂരിന്റെ പരസ്യ പ്രതികരണം.
സാധാരണ തെരഞ്ഞെടുപ്പിനു ശേഷമാണ് കോണ്‍ഗ്രസില്‍ ഇത്തരം പരാതികള്‍ ഉയരുന്നത്. എന്നാല്‍ ഇക്കുറി പ്രചരണ ഘട്ടത്തില്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലയില്‍ നിന്നുള്ള പ്രധാന നേതാക്കള്‍ക്ക് വീഴ്ചയുണ്ടന്ന പരാതിയാണ് ശശി തരൂരിന്റേത്. വട്ടിയൂര്‍ക്കാവിലെ എംഎല്‍എ കെ. മുരളീധരന് വടകരയില്‍ മല്‍സരിക്കാന്‍ പോയതോടെ പാര്‍ട്ടി സംവിധാനം തന്നെ നിശ്ചലമായെന്നാണ് പരാതി. നേമം കഴക്കൂട്ടം മണ്ഡലങ്ങളിലും യുഡിഎഫ് അണികള്‍ ഉണരുന്നില്ലെന്നും പരാതിയുണ്ട്.
സ്വീകരണ വേദി തകര്‍ന്നു വീണു; ബോംബേറൊന്നും ബാധിക്കില്ലെന്ന് കെ. മുരളീധരന്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നാലു മണ്ഡലങ്ങളില്‍ മുന്നില്‍ എത്തിയിരുന്നു. മൂന്നു മണ്ഡലങ്ങളിലെ മേല്‍ക്കൈ ആണ് തരൂരിനെ ജയിപ്പിച്ചത്. കഴിഞ്ഞതവണ പിന്നാക്കം പോയ മണ്ഡലങ്ങളില്‍ ഇത്തവണ പ്രചാരണം ഊര്‍ജിതമാക്കണമെന്ന നിര്‍ദേശം നടപ്പാകുന്നില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍ തോല്പ്പിക്കാനുളളള ബി ജെ പി തന്ത്രത്തിന്റെ ഭാഗമാണ് പരാതി നല്‍കിയെന്ന പ്രചാരണമെന്നാണ് തരുരൂരിന്റെ പ്രതികരണം.
വടകര, കോഴിക്കോട് മണ്ഡലങ്ങളിലും പ്രചാരണ രംഗത്തെ വീഴ്ചകളെ കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിക്കെതിരേ ജില്ലാ നേതാക്കൾ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ ഉണ്ടായ ആവേശം പിന്നീടില്ലെന്നാണ് കെ മുരളീധരന്റെ പരാതി. കെ മുരളീധരന് പ്രചാരണത്തോട് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ട്. ഒളിക്യാമറ വിവാദമുണ്ടാക്കിയ പരുക്ക് പരിഹരിക്കാന്‍ നേതാക്കളുടെ ഇടപെടലുണ്ടാവുന്നില്ലെന്നാണ് എം.കെ രാഘവന്റെ പരാതി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായ എന്‍ സുബ്രഹ്മണ്യന്, ടി സിദ്ദീഖ് എന്നിവര്‍ വയനാട് മണ്ഡലത്തിന്റെ കൂടി ചുമതലയുണ്ട്. മണ്ഡലത്തില്‍ ഒരുപ്രശ്നവും ഇല്ലെന്നാണ് ടി. സിദ്ദിഖിന്റെ മറുപടി.
പ്രതിസസധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ യു.ഡി.എഫ് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു. പാലക്കാട് ഡിസിസി പ്രസിഡന്റ് കൂടിയാണ് സ്ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്ഠന്, ജില്ലാ നേതാക്കളുമായി ശ്രീകണ്ഠൻ കൃത്യമായ ആശയ വിനിമയം നടത്തുന്നില്ലെന്നാണ് മറ്റു നേതാക്കളുടെ പരാതി. ഏപ്രില്‍ എട്ടിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ജില്ലയിലെ UDF നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ പ്രചാരണത്തിനെത്തിയ രമേശ് ചെന്നിത്തലയും വിഷയം ചര്‍ച്ച ചെയ്തു.
തരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാനാര്‍ത്ഥിമാരുടെ പരാതി ഗൗരവത്തോടെ പരിശോധിച്ചുവരികയാണ് സംസ്ഥാന നേതൃത്വം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.