കൊച്ചി : രാജ്യത്തെ ഏറ്റവും ചെറിയ മണ്ഡലമായ ലക്ഷദ്വീപില്‍ നാളെയാണ് വിധിയെഴുത്ത്.അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കല്പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളിലായാണ് പോളിംഗ് ബൂത്തുകളുള്ള മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 54,266 പേരാണ്.
പ്രത്യേകതകള്കേരളത്തില് നിന്ന് അധികം ദൂരമില്ലാത്ത കേരളത്തിന് പുറത്ത് മലയാളം സംസാരിക്കുന്ന ഏക ഭൂപ്രദേശമായ ലക്ഷദ്വീപിന്റെ രാഷ്ട്രീയ പാരമ്പര്യം പക്ഷെ കേരളത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് മുസ്ലീം ഭൂരിപക്ഷ മേഖലയാണ്. കേന്ദ്ര ഭരണപ്രദേശമായതു കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഭാഗമാകുന്നതിനാണ് ഇവിടുത്തുകാര്‍ക്ക് താത്പ്പര്യമെന്നതും ശ്രദ്ധേയമാണ്. ഒരൊറ്റ ലോക്സഭാ സീറ്റ് മാത്രമുള്ള ഇവിടം പട്ടികവര്‍ഗ സംവരണ മണ്ഡലമാണ്.
രാഷ്ട്രീയ പാരമ്പര്യം
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായാണ് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്. 2004 വരെ കോണ്‍ഗ്രസ് കൈപ്പിടിയിലിരുന്ന മണ്ഡലം പിന്നീട് കൈവിട്ടു. കേന്ദ്ര മന്ത്രിയും ലോക്സഭാ സ്പീക്കറുമായി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ ദ്വീപിന്റെ പ്രതിനിധി പി എം സെയ്ദിന് കാലിടറിയത് 2004 ലെ തെരഞ്ഞെടുപ്പിലാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി, ജനതാദള്‍ യുണെറ്റഡിലെ പി പൂക്കുഞ്ഞികോയക്ക് മുന്നില്‍ 71 വോട്ടിനാണ് പിഎം സെയ്ദിന് ആദ്യത്തേതും അവസാനത്തേതുമായ പരാജയം നേരിടേണ്ടിവന്നത്.
Also Read-
DYFI നേതാവ് എം.പി. ഷെറീഫ് ഖാന് ലക്ഷദ്വീപിലെ സിപിഎം സ്ഥാനാർഥി
2009 ലെ തെരഞ്ഞെടുപ്പില്‍ പി എം സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് മത്സരിച്ച ഹംദുള്ള സെയ്ദ് മികച്ച വിജയം നേടിയാണ് പാര്‍ലമെന്റില്‍ എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ എംപി എന്ന നിലയില്‍ ശ്രദ്ധേയനായ ഹംദുള്ളക്ക് 2014 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താനായില്ല. എന്‍സിപിയുടെ പി പി മുഹമ്മദ് ഫൈസലിന് മുന്നില്‍ 1535 വോട്ടിന് തോറ്റു.
ഒരിക്കല്‍ കൈവിട്ട മണ്ഡലം തിരികെ പിടിക്കാനുള്ള അഭിമാന പോരാട്ടം കൂടിയാണ് കോണ്‍ഗ്രസിന് ഇത്തവണത്തെ മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിട്ടുപോയ മുതിര്‍ന്ന നേതാവ് ബാഷാ ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ തിരിച്ചെത്തിയത് ഇത്തവണ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി.
ഇത്തവണത്തെ പോരാട്ടം
പി എം സെയ്ദിന്റെ മകനും മുന്‍ എം പിയും പി സി സി പ്രസിഡന്റുമായ ഹംദുല്ല സെയ്ദും സിറ്റിംഗ് എം പിയും എന്‍ സി പി നേതാവുമായ പി പി മുഹമ്മദ് ഫൈസലും തമ്മിലാണ് ലക്ഷദ്വീപില്‍ ഇക്കുറിയും പ്രധാന പോരാട്ടം. ബിജെപി സ്ഥാനാര്‍ഥിയായി അബ്ദുല്‍ ഖാദറും സി പി എം സ്ഥാനാര്‍ഥിയായി ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുമായ എം പി ഷെരീഫ് ഖാനും സി പി ഐ സ്ഥാനാര്‍ഥിയായി കില്‍ത്താന്‍ ദ്വീപുകാരനും മത്സ്യത്തൊഴിലാളിയുമായ അലി അക്ബറും മത്സര രംഗത്തുണ്ട്.