തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശപൂരത്തിൽ പലയിടത്തും സംഘർഷം. തിരുവനന്തപുരത്ത് എ.കെ.ആന്‍റണി സഞ്ചരിച്ച വാഹനത്തിനു തടസ്സം സൃഷ്ടിച്ചത് പ്രതിഷേധത്തിന് കാരണമായി. ആലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. കണ്ണൂർ മട്ടന്നൂരിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
ഒരു മാസം നീണ്ട നാടിളക്കിയ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ പ്രവർത്തകരുടെ ആവേശം പലയിടത്തും അതിരുവിട്ടു. പൊലീസ് അതീവജാഗ്രത പാലിച്ചിട്ടും സംഘർഷങ്ങൾ ഉണ്ടായി. തിരുവനന്തപുരം വേളിയിൽ എ. കെ. അന്റണിയും ശശി തരൂരും സഞ്ചരിച്ച വാഹനത്തിന് മുന്നിൽ ഇടതു പ്രവർത്തകർ ഒരു മണിക്കൂർ തടസം സൃഷ്ടിച്ചു. വാഹനം ഉപേക്ഷിച്ചു നടന്ന് ആന്‍റണിയും തരൂരും പ്രതിഷേധിച്ചു.
ആലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. ചില്ലുകൾ തകർന്നു. പൊലീസ് നിഷ്ക്രിയരായി എന്നാരോപിച്ച് അനിൽ അക്കരെ റോഡിൽ കുത്തിയിരുന്നു. തിരുവല്ലയിൽ കൊട്ടിക്കലാശത്തിനിടെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ നടന്ന കല്ലേറിൽ പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്നു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
സംഘർഷാവസ്ഥ തുടരുന്നു; വടകരയിൽ നിരോധനാജ്ഞവടകരയിൽ കേന്ദ്രസേനയും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. കണ്ണൂർ മട്ടന്നൂരിൽ എൽ.ഡി.എഫ് - യു.ഡി.എഫ് സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൊച്ചി പാലാരിവട്ടത്ത് എൽ.ഡി.എഫ് കൊട്ടിക്കലാശത്തിനിടെ എസ്.ഡി.പി.ഐ പ്രകടനം കടന്നുപോയത് തർക്കത്തിന് കാരണമായി. തിരുവനന്തപുരം കഴക്കൂട്ടത്ത് എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ആളുകളെ പിരിച്ചുവിട്ടു.
തൊടുപുഴയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. നെടുമങ്ങാട് പാലോട് സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. എസ് ടി മോർച്ച സംസ്ഥാന സെക്രട്ടറി മുകുന്ദൻ പള്ളിയറയെ കൽപറ്റയിൽ പ്രകടനത്തിനിടെ പൊലീസ് മർദ്ദിച്ചതായി പരാതിയുണ്ട്.
പലയിടത്തും ഏറെ പണിപ്പെട്ടാണ് വൻ സംഘർഷങ്ങളിലേക്കു നീങ്ങാതെ സ്ഥിതി പൊലീസ് നിയന്ത്രിച്ചത്. വിവിധ അക്രമസംഭവങ്ങളിൽ നൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിനു നേരെ ഉണ്ടായ കല്ലേറിനെ തുടർന്ന് ആലത്തൂരിൽ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചികിത്സ തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.