ജോസിന് പഞ്ചായത്തിൽ പോലും രക്ഷയില്ല; ജോസഫിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ജോസിന് പഞ്ചായത്തിൽ പോലും രക്ഷയില്ല; ജോസഫിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡായ പൂവത്തിളപ്പിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥിയായി ജോർജും, ജോസഫ് വിഭാഗം സ്ഥാനാർഥിയായി ബിപിൻ തോമസും പത്രിക നൽകിയിരുന്നു.
കോട്ടയം: തിരിച്ചടിക്കു പിന്നാലെ തിരിച്ചടിയിലേക്ക് ജോസ് വിഭാഗം കൂപ്പു കുത്തുകയാണ്. കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കോട്ടയം അകലക്കുന്നം പഞ്ചായത്തിൽ ആണ് ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടിയുണ്ടായത്. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡായ പൂവത്തിളപ്പിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥിയായി ജോർജും, ജോസഫ് വിഭാഗം സ്ഥാനാർഥിയായി ബിപിൻ തോമസും പത്രിക നൽകിയിരുന്നു.
ഇവിടെയാണ് ബിപിൻ തോമസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ പി.ജെ ജോസഫ് സന്തോഷം പ്രകടിപ്പിച്ചു. ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് അധികാരം എന്ന് വീണ്ടും തെളിയിക്കപ്പെട്ടതായി പി.ജെ ജോസഫ് പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ രണ്ടില അനുവദിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജോസഫിന്റെ കത്ത് പരിഗണിച്ച്
ചിഹ്നം അനുവദിക്കാൻ ജില്ലാ പ്രസിഡന്റുമാർക്കുള്ള അധികാരം തിരിച്ചെടുത്തതായി പി.ജെ ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണനെ രേഖാമൂലം അറിയിച്ചിരുന്നു. ഈ കത്ത് അംഗീകരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ജോസഫിന് അനുകൂലമായി തീരുമാനം എടുത്തിരുന്നു.
തിരിച്ചടി കോട്ടയത്ത് മാത്രമല്ല
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ജോസഫ് വിഭാഗത്തിന് തിരിച്ചടിയുണ്ടാകുന്നത് കോട്ടയം ജില്ലയിൽ മാത്രമല്ല. കാസർഗോഡ് ബളാൽ പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചിരുന്നു. ഇവിടെ ജോസ് വിഭാഗം സ്ഥാനാർത്ഥിക്ക് കുട ചിഹ്നമാണ് കമ്മീഷൻ അനുവദിച്ചത്. സ്ഥാനാർഥി മരിച്ച ഒഴിവിലാണ് കാസർഗോഡ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. തിങ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി പിൻവലിക്കാനുള്ള അവസാന ദിവസം. 17നാണ് സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ. കോട്ടയത്തും കാസർഗോഡും രണ്ട് സ്ഥാനാർത്ഥികൾ മത്സരിച്ചാൽ അത് യുഡിഎഫിന് തലവേദനയാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.