തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ തിരുവനന്തപുരത്ത് പാടില്ലെന്നാണ് നിർദ്ദേശം. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

Also Read പ്രിയങ്ക എത്തില്ല; കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി നാളെ നേമത്തെത്തും

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം കൊട്ടിക്കലാശം വേണ്ടെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ പ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

പ്രിയ പാലാക്കാരെ, 

ഏതൊരു തെരഞ്ഞെടുപ്പിന്റേയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയിൽ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാർത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം. 

പതിവിനു വിപരീതമായി ഇത്തവണ എൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം.ഈ തീരുമാനം നമ്മുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും  വിനീതമായി അഭ്യർത്ഥിക്കുന്നു.