തിരുവനന്തപുരം: കള്ളവോട്ട് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളിൽ മെയ് 19ന് റീപോളിങ്. കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ കല്യാശേരി, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിങ്.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. ഈ നാല് ബൂത്തുകളിലും നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് റീപോളിങ് നടത്താൻ തീരുമാനിച്ചത്. റീപോളിങ് സംബന്ധിച്ച് നിർദേശം ജില്ലാ കളക്ടർമാർക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നൽകിയിട്ടുണ്ട്. റീപോളിങ് വിജ്ഞാപനം വൈകിട്ടോടെ പുറത്തിറങ്ങും. നാളെ വൈകിട്ട് വരെ പരസ്യപ്രചാരണം നടത്താനും അനുമതി നൽകിയിട്ടുണ്ട്.
വീണ്ടും 'കള്ളവോട്ട് ദൃശ്യങ്ങൾ'; 5 ലീഗ് പ്രവർത്തകർ ഒന്നിലധികം തവണ വോട്ട് ചെയ്തെന്ന് സിപിഎം
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് നടത്താൻ തീരുമാനിച്ചത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് യുഡിഎഫാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് എൽഡിഎഫും കള്ളവോട്ട് ആരോപണവുമായി രംഗത്തെത്തി. ഇതുവരെ 17 പേര് കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇതില്‍ 13 പേര് ലീഗുകാരും നാലുപേർ സിപിഎമ്മുകാരുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.