• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

മിസ്റ്റര്‍ തുഷാര്‍, അച്ഛനോട് ഒന്നു ചോദിക്കുമല്ലോ? തീവ്രവാദി പരാമര്‍ശത്തില്‍ മറുപടിയുമായി മഅ്ദനി

ഇനിയും വിഷയ ദാരിദ്ര്യമുണ്ടാകുമ്പോള്‍ വീണ്ടും 'മദനി'എന്നും 'തീവ്രവാദ' മെന്നുമൊക്കെ പറഞ്ഞോളൂ! കോടതികള്‍ എന്തു വിധിച്ചു വെന്നതോ രേഖകളും തെളിവുകളുമുണ്ടോ എന്നുള്ളതോ ഒന്നുമല്ലല്ലോ വിലയിരുത്തേണ്ടത് താടിയും തൊപ്പിയും നിസ്‌കാര തഴമ്പുമൊക്കെയല്ലേ???

news18
Updated: April 14, 2019, 8:31 PM IST
മിസ്റ്റര്‍ തുഷാര്‍, അച്ഛനോട് ഒന്നു ചോദിക്കുമല്ലോ? തീവ്രവാദി പരാമര്‍ശത്തില്‍ മറുപടിയുമായി മഅ്ദനി
തുഷാർ‌, മഅ്ദനി
 • News18
 • Last Updated: April 14, 2019, 8:31 PM IST IST
 • Share this:
തിരുവനന്തപുരം: വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തില്‍ മറുപടിയുമായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.തീവ്രവാദി'യെന്നും 'ഭീകരവാദി'യെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്ന കാലത്ത് താങ്കളുടെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി ഈഴവ സഹോദരന്മാര്‍ ആത്മീയാചാര്യനായി കണ്ടിരുന്ന ശാശ്വതീകാനന്ദ സ്വാമികള്‍ തന്നോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ടെന്ന് മഅ്ദനി ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും വിഷയ ദാരിദ്ര്യമുണ്ടാകുമ്പോള്‍ വീണ്ടും 'മദനി'എന്നും 'തീവ്രവാദ' മെന്നുമൊക്കെ പറഞ്ഞോളൂവെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍

വയനാട് മണ്ഡലത്തിലെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ നരേന്ദ്രമോദി പങ്കെടുത്ത തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ എന്നെക്കുറിച്ച് തീവ്രവാദി എന്നും മറ്റും ആക്ഷേപിച്ചു പ്രസംഗിച്ചതായി അറിയാന്‍ കഴിഞ്ഞു.

തുഷാര്‍ എന്തെങ്കിലും പറയുന്നതിന് സാധാരണയായി കേരളത്തില്‍ ആരും മറുപടി പറഞ്ഞു കാണാറില്ല. മറുപടി അര്‍ഹിക്കുന്ന എന്തെങ്കിലും തുഷാര്‍ പറയാറുമില്ല...

പക്ഷേ, നിലവില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായ ആള്‍ പങ്കെടുത്ത ഒരു വേദിയിലാണ് തുഷാര്‍ സംസാരിച്ചത് എന്നത് കൊണ്ട് മാത്രമാണ് അതേ കുറിച്ചു ഇങ്ങനെ ഒരു പരാമര്‍ശം നടത്തുന്നത്.

മിസ്റ്റര്‍ തുഷാര്‍, 'തീവ്രവാദി'യെന്നും 'ഭീകരവാദി'യെന്നുമൊക്കെയുള്ള ഒരുപാട് ആക്ഷേപങ്ങള്‍ കേട്ടു കൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു താങ്കളുടെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി ഈഴവ സഹോദരന്മാര്‍ ആത്മീയാചാര്യനായി കണ്ടിരുന്ന ശ്രീമത് ശാശ്വതീകാനന്ദ സ്വാമികള്‍ 1993-97 കാലഘട്ടത്തില്‍ എന്നോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുള്ളത്.സ്വാമിജിയുടെ പൂര്‍ണ അനുമതിയോടെയാണ് ഇപ്പോഴും താങ്കളുടെ അച്ഛന്റെ സഹയാത്രികനായ ശ്രീ.സുവര്‍ണ കുമാര്‍ പിഡിപി യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാകുന്നത്. ഡോക്ടര്‍ ബാബാ സാഹെബ് അംബേദ്കറുടെ ജന്മദിനത്തില്‍ രൂപം കൊണ്ട പിഡിപി യില്‍ താങ്കളുടെ പ്രിയ അച്ഛന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന പരേതനായ ex MLA വിജയരാഘവന്‍ ഉള്‍പ്പെടെ പലരും സംസ്ഥാന ഭാരവാഹികളായിരുന്നിട്ടുണ്ട്.
ഇപ്പോഴും സ്ത്രീകളും പുരുഷന്മാരുമായ നിരവധി ഈഴവ സഹോദരങ്ങള്‍ പിഡിപി യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീമതി ശശികുമാരി പ്രസിഡന്റ് ആയ പാര്‍ട്ടിയുടെ വനിതാ സംഘടനയായ Women's India Movement ന്റെ സംസ്ഥാന സെക്രട്ടറിയായ ഈഴവ സഹോദരി ശ്രീമതി രാജി മണിക്കും കുടുംബത്തിനും ഈ പ്രസ്ഥാനത്തിനും ആശയത്തോടുമുള്ള പ്രതിബദ്ധത വാക്കുകള്‍ക്കൊക്കെ അതീതമാണ്.

മിസ്റ്റര്‍ തുഷാര്‍, ഭീകരവാദ കുറ്റം ചുമത്തി എന്നെ അറസ്റ്റ് ചെയ്തു ഒമ്പതര വര്‍ഷം അകാരണമായി ജയിലിലടയ്ക്കപ്പെട്ട ശേഷം എല്ലാ കോടതികളും കുറ്റവിമുക്തനാക്കി പുറത്തിറങ്ങിയ ശേഷം മാവേലിക്കര SNDP Union സംഘടിപ്പിച്ച ചതയാഘോഷ ദിന പരിപാടി എന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുമ്പോള്‍ ആ പരിപാടിയില്‍ ബിജെപി നേതാവ് ശ്രീ സി കെ പത്മനാഭന്‍ പങ്കെടുത്തിരുന്നുവെന്നതിലപ്പുറം ആ പരിപാടി അന്ന് സംഘടിപ്പിച്ചതും അധ്യക്ഷനായിരുന്നതും താങ്കളുടെ പാര്‍ട്ടി ആയ ആഉഖട ന്റെ നിലവിലെ അഖിലേന്ത്യാ സെക്രട്ടറിയായ സുഭാഷ് വാസുവായിരുന്നു. എന്റെ വീട്ടിലുള്‍പ്പെടെ നിരവധി തവണ എന്നെ സന്ദര്‍ശിച്ചിട്ടുള്ള ശ്രീ.സുഭാഷിനോട് എന്റെ 'ഭീകരവാദ'ത്തിന്റെആഴത്തെപ്പറ്റി രാഹുലുമായുള്ള ഏറ്റുമുട്ടലൊക്കെ കഴിഞ്ഞു സമയം കിട്ടുമ്പോള്‍ താങ്കള്‍ ഒന്നു ചോദിച്ചു നോക്കുന്നത് നന്നായിരിക്കും.
ഏറ്റവും അവസാനം ഒന്നു കൂടി.
'ഭീകരവാദ' ത്തിന്റെ ഒമ്പതര വര്‍ഷത്തെ വിചാരണ മഹാമഹം കഴിഞ്ഞു തിരിച്ചെത്തിയ എന്നെ താങ്കളുടെ പ്രിയ പിതാവും മാതാവും കണിച്ചുകുളങ്ങരയിലെ വീട്ടില്‍ ഊഷ്മളമായി സ്വീകരിച്ചിരുന്നുവെന്നത് താങ്കള്‍ അറിഞ്ഞിട്ടുണ്ടോ ആവോ!

അന്‍വാര്‍ശ്ശേരിയില്‍ സഖാവ് വി.എസ് പങ്കെടുത്ത മാനവസൗഹൃദ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടു താങ്കളുടെ അച്ഛന്‍ ശ്രീ.വെള്ളാപ്പള്ളി നടേശന്‍ എന്നോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അനീതിയെക്കുറിച്ചു പ്രസംഗിച്ചതിന്റെ സി ഡി ആവശ്യമെങ്കില്‍ എത്തിച്ചു തരാം. താങ്കളുടെ തിരക്കൊക്കെ കഴിയുമ്പോള്‍ ഒന്നു കേട്ടാല്‍ നന്നായിരിക്കും.
ഒരു കാര്യം കൂടി.... 'വര്‍ഗ്ഗീയത' പ്രസംഗിച്ചു എന്നു പറഞ്ഞു എനിക്കെതിരെ കേരളത്തില്‍ എടുത്തിരുന്ന മുപ്പതിലധികം കേസുകളിലെ അവസാനത്തെ കേസും കോടതി വെറുതെ വിട്ടു.
പക്ഷെ,താങ്കളുടെ രാഷ്ട്രീയ ബോസുമാര്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കൊടുത്തിരിക്കുന്നത് ഇരുന്നൂറ്റിഅമ്പതും അതിലധികവുമൊക്കെ കേസുകളുടെ വിവരങ്ങളാണ്.അതില്‍ കൊലക്കുറ്റവും സ്ത്രീ പീഡനവുമൊക്കെയുണ്ട്! അതൊന്നും തീവ്രവാദമല്ല 'രാജ്യസ്‌നേഹ' പ്രകടന കേസുകളാണെന്നു താങ്കള്‍ക്ക് സമാധാനിക്കാം....
ഇനിയും വിഷയ ദാരിദ്ര്യമുണ്ടാകുമ്പോള്‍ വീണ്ടും 'മദനി'എന്നും 'തീവ്രവാദ' മെന്നുമൊക്കെ പറഞ്ഞോളൂ! കോടതികള്‍ എന്തു വിധിച്ചു വെന്നതോ രേഖകളും തെളിവുകളുമുണ്ടോ എന്നുള്ളതോ ഒന്നുമല്ലല്ലോ വിലയിരുത്തേണ്ടത് താടിയും തൊപ്പിയും നിസ്‌കാര തഴമ്പുമൊക്കെയല്ലേ???Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍