വടകര
പത്തു വര്‍ഷമായി യു.ഡി.എഫിനൊപ്പമാണ് വടകര. കെ.പി.സി.സി അധ്യക്ഷനായതിനാല്‍ മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എം.പിയായ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയതിനു പിന്നാലെയാണ് കെ. മുരളീധരന് യു.ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. ഇടതുപക്ഷമാകട്ടെ നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ നിയോഗിച്ചത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും.
വടകരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി ജയരാജനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുല്ലപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന വികാരം യു.ഡി.എഫിലുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രഖ്യാപനം ഏറെ വൈകിയെങ്കിലും മുരളിയുടെ സ്ഥാനാര്‍ഥിത്വം ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കോഴിക്കോടിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ള മുരളീധരന് വടകരക്കാര്‍ക്ക് അപരിചിതനല്ല. മുസ്ലീംലീഗിന്റെ ശക്തമായ പിന്തുണയും പാര്‍ട്ടിയില്‍ പടലപ്പിണക്കങ്ങള്‍ ഇല്ലാത്തതുമാണ് ജയപ്രതീക്ഷ നല്‍കുന്നത്. ആര്.എം.പിയും മുരളിക്കു വേണ്ടി പ്രചാരണരംഗത്തുണ്ട്. സി.പി.എമ്മില്‍ വലതുപക്ഷ വ്യതിയാനം ആരോപിച്ച് ടി.പി. ചന്ദ്രശേഖരന് ആര്.എം.പി. രൂപവത്കരിച്ചശേഷം 2009-ലും 2014-ലും അവര്‍ വടകരയില്‍ മത്സരിച്ചിരുന്നു. ഇത്തവണ പി. ജയരാജന് അക്രമരാഷ്ട്രീയത്തിന്റെ മുഖമെന്നു പ്രഖ്യാപിച്ചാണ് യു.ഡി.എഫിന് ആര്.എം.പി. പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കൊലപാതകമാണ് യു.ഡി.എഫ് മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നതും. ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പി. ജയരാജനെ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രചാരണത്തിലെ തുറുപ്പു ചീട്ട്. ഇടതു മുന്നണിയില്‍ മടങ്ങിയെത്തിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് വടകരയിലെ ലോക് താന്ത്രിക് ജനതാദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യത്തിനിടയാക്കിയിട്ടുണ്ട്. ഇതും അനുകൂലമാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.
സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യപിച്ചതുകൊണ്ടു തന്നെ പ്രചാരണരംഗത്ത് ഏറെ മുന്നേറാന്‍ ഇടതു സ്ഥാനാര്‍ഥി പി. ജയരാജന് സാധിച്ചു. പത്തുവര്‍ഷം മുന്‍പ് ഇടതു കോട്ടയായിരുന്ന മണ്ഡലം മൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് നഷ്ടമായതെന്നതും പ്രദേശത്ത് സി.പി.എമ്മിനുള്ള ശക്തമായ അടിത്തറയുമാണ് ജയരാജന് ആത്മവിശ്വാസം നല്‍കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ നേടിയെടുത്ത ജനപ്രീതിയും പി. ജയരാജന് ഗുണം ചെയ്യുമെന്നാണ് ഇടതു നേതാക്കളുടെ പ്രതീക്ഷ. 2016-ലെ നിയസഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റം ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. വടകര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൂത്തുപറമ്പില്‍ നിന്നും മൂന്നു തവണ പി. ജയരാജന് നിയമസഭയില്‍ എത്തിയിട്ടുണ്ട്. സഹോദരി കൂടിയായ പി. സതീദേവി വടകരയിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷമായ 1.3 ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രചാരണത്തിന് ചുക്കാന്‍പിടിച്ചതും ജയരാജനായിരുന്നു. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം നന്നായി അറിയാമെന്നതും വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ മുന്നണിയില്‍ മടങ്ങിയെത്തിയെന്നതും ഇടതു മുന്നണിക്ക് ജയപ്രതീക്ഷ നല്കുന്ന ഘടകങ്ങളാണ്.
ബി.ജെ.പി. സ്ഥാനാര്‍ഥിയായി വടകര സ്വദേശിയായ വി.കെ. സജീവനാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സജീവനായിരുന്നു വടകരയിലെ സ്ഥാനാര്‍ഥി. അന്ന് 76,313 വോട്ടുകളാണ് നേടിയത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തലശേരിയില്‍നിന്ന് മത്സരിച്ചു.
ചാലക്കുടി
2014 -ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വച്ചുമാറലിനൊടുവില് യു.ഡി.എഫിനെ കൈവിട്ടമണ്ഡലമാണ് ചാലക്കുടി. ഇന്നസെന്റ് എന്ന ചലച്ചിത്രതാരത്തെയാണ് രാഷ്ട്രീയത്തില്‍ ഏറെ പരിചയസമ്പന്നനായ പി.സി ചാക്കോയെ വീഴ്ത്താന്‍ സി.പി.എം അന്ന് സ്വതന്ത്രനായി രംഗത്തിറക്കിയത്. അതേ ഇന്നസെന്റാണ് ഇക്കുറിയും സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബെന്നി ബഹനാനും എ.ന്.ഡി.എയ്ക്കു വേണ്ടി എ.എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
2014- ലെ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി ചിഹ്നത്തിലാണ് സിറ്റിംഗ് എം.പിയായ ഇന്നസെന്റ് മത്സരിക്കുന്നത്. ഇത് വിജയം അനായാസമാക്കുമെന്ന പ്രതീക്ഷയും ഇടതു നേതാക്കള്‍ക്കുണ്ട്. സിറ്റിംഗ് എം.പി എന്നതിലുപരി ചലച്ചിത്ര താരമെന്ന ഇമേജും ഇന്നസെന്റിന്റെ പ്ലസ് പോയിന്റാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനായതും ഇന്നസെന്റിനെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ സ്വീകാര്യനാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ ആരോഗ്യപ്രശ്നങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിക്കാട്ടിയതെങ്കിലും ആ പ്രചരണത്തെ അതിജീവിക്കാനായതും ഇടത് സ്ഥാനാര്‍ഥിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
മുകുന്ദപുരമായിരുന്ന കാലം മുതലേ കോണ്‍ഗ്രസുകാര്‍ സുരക്ഷിതമെന്നു വിശ്വസിക്കുന്ന മണ്ഡലമാണ് ചാലക്കുടി. 16 തെരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഇക്കുറി യു.ഡി.എഫ് കണ്‍വീനര്‍ എന്ന പദവിയുടെ ബലത്തില്‍ കൂടിയാണ് ബെന്നി ബഹ്നാന് മത്സരിക്കുന്നത്. അതുകൊണ്ടു തന്നെ മുന്നണി കണ്‍വീനറെ വിജയിപ്പിക്കേണ്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ ആവശ്യം കൂടിയാണ്. വൈകിയെത്തിയെങ്കിലും പിന്നീട് പ്രചാരണരംഗത്ത് മുന്നേറിയ ബെന്നി ബഹനാന് ഹൃദായഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായത് തിരിച്ചടിയായി. മണ്ഡലത്തിലെ യു.ഡി.എഫ് എംഎല്‍എമാര്‍ നടത്തിയ പ്രചാരണത്തിലൂടെയാണ് സ്ഥാനാര്‍ഥിയുടെ അഭാവം മറികടന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും കിഴക്കമ്പലം പഞ്ചായത്തിലെ ഭരണസമിതിയായ ട്വന്റി ട്വന്റി ബെന്നിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് തിരിച്ചടിയാകുമോയെന്ന ഭയവും യു.ഡി.എഫിനെ അലട്ടുന്നുണ്ട്.
ബി.ജെ.പിക്കു വേണ്ടി എ.എന്‍ രാധാകൃഷ്ണനാണ് ചാലക്കുടിയില്‍ മത്സരിക്കുന്നത്. സംഘാടക മികവും സംസ്ഥാന നേതാവെന്ന ഇമേജുമാണ് രാധാകൃഷ്ണനു വേണ്ടി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിലെ സജീവ സന്നിധ്യമായത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.