കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത് 40,000 രൂപ മാത്രം. ആറു ബാങ്കുകളിലായി 17,93,693 ലക്ഷം രൂപ നിക്ഷേപവുമുണ്ട്. നാമനിര്‍ദ്ദേശ പത്രികയിക്കൊപ്പം സമര്‍പ്പിച്ച രേഖകളിലാണ് സ്വത്ത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരിക്കുന്നത്.
5,19,44,682 രൂപയുടെ നിക്ഷേപം പത്ത് മ്യൂച്വല്‍ ഫണ്ടുകളിലായുണ്ട്. 39,89,037 രൂപ പെന്ഷന് ഫണ്ടിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണവും സ്വന്തമായുണ്ടെങ്കിലും സ്വന്തം പേരിൽ വാഹനങ്ങളൊന്നുമില്ല.
ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്താണ് തന്റെ പേരിലുള്ളതെന്നും രാഹുല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ മാതാവ് സോണിയ ഗാന്ധിയുടെ പേരില്‍ എടുത്ത അഞ്ചു ലക്ഷം രൂപയുടെ വായ്പ ഉള്‍പ്പെടെ 72 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.
Also Read
സ്ട്രെക്ച്ചറുമായി രാഹുല്‍; റിപ്പോര്‍ട്ടറുടെ ഷൂ കൈയ്യിലേന്തി പ്രിയങ്ക
ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്ലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യതകള്‍. അഞ്ച് കേസുകളാണ് രാഹുലിന്റെ പേരിലുള്ളത്. ഇതില്‍ നാലെണ്ണവും ആര്‍എസ്എസ് - ബിജെപി നേതാക്കള്നല്കിയ മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം നാഷണൽ ഹെറാൾഡ് കേസും.