ഇടതു കോട്ടകളായ ചില മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടുമോ? മണ്ഡലത്തില്‍ സമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളും പ്രചാരണത്തിലെ മുന്നേറ്റവുമൊക്കെ മുന്‍നിര്‍ത്തി ഇടതിനൊപ്പം നിന്ന കാസര്‍കോട്, കണ്ണൂര്‍, ആലത്തൂര്‍, ഇടുക്കി, ആറ്റിങ്ങല്‍ എന്നീ അഞ്ച് മണ്ഡലങ്ങളില്‍ മുന്നണികള്‍ക്കുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
കാസര്‍കോട് 1989 മുതല്‍ ഇടതു മുന്നണിക്കൊപ്പം നിന്ന കാസര്‍കോട് മുന്‍ ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രനെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. യു.ഡി.എഫിനു വേണ്ടി രാജ് മോഹന്‍ ഉണ്ണിത്താനാണ് മത്സരിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ കൊടിയുടെ നിറത്തെച്ചൊല്ലി ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മുസ്ലീംലീഗിന് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുത്തേ മതിയാകൂ. വയനാട്ടിലെന്ന പോലെ കാസര്‍കോട്ടും കൈയ്മെയ് മറന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകം ഉയര്‍ത്തിക്കാട്ടി കൊലപാതകത്തിനെതിരെ വോട്ടു ചെയ്യണമെന്ന കാമ്പയിനാണ് യു.ഡി.എഫ് നടത്തുന്നത്. പൊതുസ്വീകാര്യനെന്ന പരിവേഷം ഇടതു സ്ഥാനാര്‍ഥിയ്ക്ക് ഉണ്ടെങ്കിലും സ്വതസിദ്ധമായ വാക്ചാതുരിയും മുന്നില്‍ നിന്ന് പ്രചാരണം നയിക്കുന്നതുമൊക്കെ രാജ്മോഹന്‍ ഉണ്ണിത്താന് താരപരിവേഷമാണ് മണ്ഡലത്തില്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന് എംഎല്‍എ നിര്‍മ്മിച്ചു നല്കിയ വീട് പാലുകാച്ചിയതോടെ ഇരട്ടക്കൊലപാതകം വീണ്ടും ചര്‍ച്ചയാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രവീശതന്ത്രി കുണ്ടാറുമാണ് മത്സരിക്കുന്നത്.
കണ്ണൂര്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി പി.കെ ശ്രീമതിക്കെതിരെ കെ. സുധാകരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നതിനാല്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് കണ്ണൂരില്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സ്വീകാര്യതയും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനായതും കെ. സുധാകരന്റെ ജയസാധ്യത വര്‍ധിപ്പിക്കുന്നതാണ്. ശബരിമല വിവാദത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊണ്ടതിലൂടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ലീഗിനെതിരായ ബി.ജെ.പിയുടെ വിമര്‍ശനവുമൊക്കെ ന്യൂനപക്ഷ വോട്ടുകളെയും ഏകോപിപ്പിക്കുമെന്ന കണക്കു കൂട്ടലിലാണ് നേതൃത്വം.
ആലത്തൂര്‍ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന ആലത്തൂരില്‍ സിറ്റിംഗ് എം.പിയായ പി.കെ ബിജുവാണ് ഇടതു സ്ഥാനാര്‍ഥി. പുതുമുഖമെങ്കിലും ശക്തമായ മുന്നേറ്റമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് പ്രചാരണ രംഗത്തുണ്ടാക്കിയിരിക്കുന്നത്. ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശങ്ങളും രമ്യാ ഹരിദാസിന് ഗുണകരമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രചാരണത്തിലെ ചടുലതയും രമ്യയ്ക്ക് ഗുണകരമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. പാട്ടുപാടി വോട്ടു തേടിയെന്ന ആക്ഷേപങ്ങളും ദോഷത്തേക്കാളേറെ രമ്യയ്ക്കു ഗുണകരമായെന്നതാണ് വസ്തുത.
ഇടുക്കി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കര്‍ഷ പ്രതിഷേധത്തിലാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ ഇടുക്കി യു.ഡി.എഫിനെ കൈവിട്ടത്. മലയോര സംരക്ഷണ സമിതി നേതാവും സിറ്റിംഗ് എം.പിയുമായ ജോയ്സ് ജോര്‍ജിനെയാണ് സീറ്റ് നിലനിര്‍ത്താന്‍ ഇടതുമുന്നണി ഇക്കുറിയും രംഗത്തിറക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസുമായി കലഹിച്ചെങ്കിലും പി.ജെ ജോസഫ് പ്രചാരണത്തിന് നേരിട്ടിറങ്ങിയത് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരിലാണ് ജോയ്സ് ജോര്‍ജ് 2014-ല്‍ വിജയിച്ചതെങ്കിലും എം.പിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നതാണ് യു.ഡി.എഫ് ഉയര്ത്താക്കാട്ടുന്നത്. സിറ്റിംഗ് എം.പിക്കെതിരെ ഉയര്‍ന്നു വന്ന ഭൂമി കൈയ്യേറ്റം ഉള്‍പ്പെടെയുള്ള ആരോപണങ്ങളും യു.ഡി.എഫ് പ്രചാരണവിഷയമാക്കിയിട്ടുണ്ട്.
ആറ്റിങ്ങല്‍ കാലങ്ങളായി ഇടതിനൊപ്പം നിലയുറപ്പിച്ച ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിറ്റിംഗ് എം.പി എ. സമ്പത്തിനെതിരെ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിനെയാണ് യുഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. എസ് എൻ ഡി പിയുമായുള്ള അടുപ്പവും കോന്നിയിലെ വികസന മാതൃകയും മുന്‍മന്ത്രിയെന്ന വിശേഷണവും അടൂര്‍ പ്രകാശിന് മണ്ഡലത്തില്‍ സ്വീകാര്യത നല്കുന്ന ഘടകമാണ്. തൊട്ടടുത്ത മണ്ഡലങ്ങളായ തിരുവനന്തപുരത്തെയും കൊല്ലത്തെയും ബൈപ്പാസ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം നടത്തുന്നത്. പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്റും റോഡു വികസനവുമൊക്കെ സിറ്റിംഗ് എം.പിക്കെതിരെ യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.