• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant | ഉത്സവത്തിനെത്തിയ ആന കോഴിയെ കണ്ട് പേടിച്ചു വിരണ്ടു; ഒടുവിൽ എഴുന്നെളളത്തിന് പകരം ആന

Elephant | ഉത്സവത്തിനെത്തിയ ആന കോഴിയെ കണ്ട് പേടിച്ചു വിരണ്ടു; ഒടുവിൽ എഴുന്നെളളത്തിന് പകരം ആന

തൃശൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം കാഴ്ച ശീവേലിക്കെത്തിയ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ക്ഷേത്രത്തിലെ കോഴികളെ കണ്ടു വിരണ്ടത്

  • Share this:
പൂരപറമ്പുകളില്‍ ആന ഇടയുന്നതും വിരണ്ട് ഓടുന്നതും കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ എഴുന്നെള്ളത്തിനെത്തിയ ക്ഷേത്രത്തിലെ പൂവന്‍ കോഴിയെ കണ്ട് കൊമ്പന്‍ വിരണ്ടു എന്നത് അല്‍പ്പം കൗതുകമുള്ള സംഭവം തന്നെയാണ്.

തൃശൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം കാഴ്ച ശീവേലിക്കെത്തിയ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ക്ഷേത്രത്തിലെ കോഴികളെ കണ്ടു വിരണ്ടത്. പൂവന്‍ കോഴികളെ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്ഥലമാണ് പഴയന്നൂര്‍ ഭഗവതി ക്ഷേത്രം.

കഴിഞ്ഞ ദിവസം ശീവേലി പ്രദക്ഷിണത്തിനിടെ അമ്പലത്തിനുള്ളില്‍ കോഴികള്‍ കൂട്ടത്തോടെ നടക്കുന്നുണ്ടായിരുന്നു. പള്ളിപ്പുറത്തപ്പന്‍റെ തിടമ്പേറ്റി നിന്ന ശ്രീക്കുട്ടന്‍ ആനയുടെ അടുത്തേക്ക് കോഴികള്‍ കൂട്ടമായി എത്തിയതോടെ ആന പേടിച്ച് വിരണ്ടു. ആന പെട്ടന്ന് അസ്വസ്ഥനാകുന്നത് കണ്ട നാട്ടുകാരും ഭയന്നു. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയതോടെ ഉടന്‍ തന്നെ തിടമ്പറക്കി ശ്രീക്കുട്ടനാനയെ ലോറിയില്‍ കയറ്റി മടക്കി അയച്ചു. പകരം മറ്റൊരാനയെ ദേവസ്വം എത്തിച്ച ശേഷമാണ് ശീവേലി പൂര്‍ത്തിയാക്കിയ്ത.

പൂവൻ കോഴി പ്രധാന വഴിപാടായ കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് പഴയന്നൂർ ഭഗവതി ക്ഷേത്രം. വിഷ്ണുവും ഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഭക്തർ സമർപ്പിക്കുന്ന പൂവൻ കോഴികൾ ക്ഷേത്രവളപ്പിലും പരിസരത്തുമെല്ലാം സ്വൈര്യവിഹാരം നടത്തുന്നത് ഇവിടുത്തെ കാഴ്ചയാണ്. ക്ഷേത്രശ്രീകോവിലിന് മുന്‍പിലും നാലമ്പലത്തിലും മുല്ലത്തറയിലും പുറത്തെ ഇടവഴികളിലുമെല്ലാം ഇവയെ കാണാം. ഇവയ്ക്ക് അന്നം നൽകുന്നതും പ്രധാന വഴിപാടാണ്.

വൈക്കത്തപ്പന് വഴിപാടായി കരിഞ്ഞ കൂവളമാല; ക്ഷേത്രത്തിലെ തട്ടിപ്പിനെതിരെ ഹൈക്കോടതി കേസെടുത്തു


വൈക്കം മഹാദേവക്ഷേത്രത്തിൽ (Vaikom Shri Mahadeva Temple)  വഴിപാട് (offering) വസ്തുക്കളുടെ വിൽപ്പനയിൽ നടക്കുന്ന തട്ടിപ്പില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നടയിൽ സമർപ്പിക്കുന്ന വഴിപാട് വസ്തുക്കൾ പൂജയ്ക്കു പോലും എടുക്കാതെ തൊട്ടുപിന്നാലെ കൗണ്ടറുകളിൽ വിൽപനയ്ക്കെത്തുന്നതായി ഭക്തര്‍ കണ്ടെത്തിയിരുന്നു. ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ കൂവള മാലകളുടെയും എണ്ണയുടെ വിതരണത്തിലും നടക്കുന്ന തട്ടിപ്പിന്‍റെ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.

വൈക്കത്തപ്പന് ചാര്‍ത്തുവാനായി ഭക്തര്‍ സമര്‍പ്പിക്കുന്ന കൂവളമാലയിലാണ് പ്രധാന തട്ടിപ്പ് നടക്കുന്നത്.  കടുത്തുരുത്തി സ്വദേശി മനു എന്നയാളാണ് തട്ടിപ്പ് വിവരം ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളിലൂടെ ഭക്തരെ അറിയിച്ചത്. നൂറും ഇരുനൂറും വിലയുള്ള കേശാദിപാദം മാലക്ക് ഒരു മുഴം മാത്രമാണ് നീളം. കരിഞ്ഞതും പഴകിയതുമായ കൂവള ഇലകള്‍ ഉപയോഗിച്ചാണ് മാലകള്‍ നിര്‍മിക്കുന്നത്.  വാഴയിലയിൽ പൊതിഞ്ഞുക്കെട്ടി  വഴിപാടായി നൽകുന്ന മാലകൾക്ക് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിലെ വഴിപാടു സാധനങ്ങൾ വിൽക്കാനുള്ള   കരാർ ലഭിക്കുന്നത്  ഒരേ കുടുംബത്തിനാണ് . വൻ തുക വാങ്ങുന്ന ബോർഡ്  വഴിപാട് സാധനങ്ങൾക്കുള്ള വിലയൊ അളവൊ നിശ്ചയിച്ച് നൽകാറില്ല. ഭക്തർ സമർപ്പിക്കുന്ന കൂവളമാല, പഴം, ചന്ദനത്തിരി വരെ അധികം താമസിയാതെ തിരികെ കൗണ്ടറിൽ എത്തും. ഇത് തന്നെ മറ്റൊരാൾക്ക് വിൽക്കും.

വിളക്കിലൊഴിക്കുന്ന എണ്ണ  ശേഖരിച്ച് വിൽപനയ്ക്കെത്തിക്കാനും  സംവിധാനവുമുണ്ട്. ഭക്തർ  സമർപ്പിക്കുന്ന  വഴിപാട് വസ്തുക്കൾ ശേഖരിച്ച് ഉപയോഗിക്കേണ്ട ദേവസ്വം ബോർഡ് തന്നെ ഈ തട്ടിപ്പിന് ഒത്താശ ചെയ്യുന്നു.

വേനലിൽ കൂവളമാല കിട്ടാനില്ലെന്നും എണ്ണയ്ക്കടകം വില കൂടിയെന്നാണ് തട്ടിപ്പിനുള്ള ന്യായീകരണമായി കരാറുകാരന്‍ പറയുന്നത്.  തട്ടിപ്പിനെതിരെ ദേവസ്വം വിജിലൻസിനടക്കം പരാതി  നല്‍കാന്‍ ഭക്തര്‍ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. ബുധനാഴ്ച വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ദേവസ്വം മന്ത്രിയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി ഉയർന്നതിന് പിന്നാലെ വഴിപാട് സാധനങ്ങൾ ഭക്തർക്ക് കാണുന്ന വിധം നൽകാൻ ബോർഡ് തീരുമാനിച്ചു.
Published by:Arun krishna
First published: