പാലക്കാട് കല്ലേക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കുണ്ട്. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പിരായാരി കല്ലേക്കാട് പാളയത്തെ മാരിയമ്മന്‍ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് നടത്തിയ വെടിക്കെട്ടിന് പിന്നാവെ ആന ഇടഞ്ഞ് ഓടുകയായിരുന്നു.
ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി ആനയുടെ മുന്നിൽ അകപ്പെടാതെ രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ബാലസുബ്രഹ്മണ്യൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീഴുകയായിരുന്നു. ഉടനെ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതാകാമെന്നാണ് നിഗമനം.
ആന റോഡിലൂടെ ഓടിയതും റോഡിലുണ്ടായിരുന്ന ആളുകൾ സമീപത്തെ മുൾ വേലിയിലേക്കും നിലത്തും വീഴുകയായിരുന്നു. പാപ്പാന്മാർ ആനയുടെ വാലിൽ പിടിച്ചാണ് ആനയെ തളച്ചത്. സമീപത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും ആന തകർത്തു. ഉടൻതന്നെ ആനയെ ലോറിയിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റി.
ആന ഇടഞ്ഞ് ഓടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കല്ലേക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മരിച്ച ബാലസുബ്രഹ്മണ്യത്തിന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elephant Festival, Palakkad