ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ എം ആഗസ്തി തെരഞ്ഞെടുപ്പ് ചാലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്തു. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിനിടെ ചാനൽ സർവേയുമായി ബന്ധപ്പെട്ടാണ് ഇ എം ആഗസ്തി എതിർ സ്ഥാനാർത്ഥിയായ എം എം മണി ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് ജയിച്ചാൽ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ചത്. എം എം മണി മുപ്പത്തിയെണ്ണായിരത്തിൽ പരം വോട്ടുകൾക്ക് വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം മൊട്ടയടിച്ചത്.
ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പഞ്ചോല. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എം എം മണിക്ക് കഴിഞ്ഞു. ഭൂരിപക്ഷം ഉയർന്നപ്പോൾ തന്നെ എം എം മണിയോട് തോൽവി സമ്മതിച്ചെന്നും തല മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്നും ഇ എം ആഗസ്തി ചാനലുകളെ അറിയിച്ചു. എന്നാൽ, ആഗസ്തി സുഹൃത്താണെന്നും തല മൊട്ടയടിക്കേണ്ടതില്ലെന്നും എം എം മണി പറഞ്ഞിരുന്നു.
ഉടുമ്പഞ്ചോലയിൽ എൽഡിഎഫ് - എന്‍ഡിഎ വോട്ട് കച്ചവടം ഉണ്ടായിയെന്നും ഇ എം ആഗസ്തി ആരോപിച്ചു. എന്‍ഡിഎയുടെ സാന്നിധ്യം വോട്ടിങ്ങിൽ ഉണ്ടായില്ല. ഇരട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചു. വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം എം മണിയുടെ നല്ല മനസിന് നന്ദി. പക്ഷേ താൻ വാക്ക് പാലിക്കുമെന്നും ആഗസ്തി പറഞ്ഞിരുന്നു.
വേളാങ്കണ്ണിയിലെത്തി തലമുണ്ഡനം ചെയ്ത ശേഷം ഇ എം ആഗസ്തി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം-
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം എം എം മണി ഫേസ്ബുക്കിൽ കുറിച്ചത്-
1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്തിയോടായിരുന്നു എം എം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പഞ്ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം. ഫലം വന്നപ്പോൾ പ്രതീക്ഷകൾക്ക് അതീതമായ വിജയം എം എം മണിയെ തേടി വരികയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.