ഇരുപത്തി മൂന്നാം ചരമ വാർഷിക ദിനത്തിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദിനം നമ്മളിൽ നിറയ്ക്കുന്നത് പോരാട്ടത്തിനുള്ള ഊർജമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ- നിർണായകമായ ചരിത്ര സന്ദർഭത്തിലാണ് ഇത്തവണ കേരളസമൂഹം ഇഎംഎസ് ദിനത്തെ വരവേൽക്കുന്നത്. മതേതര ജനാധിപത്യമൂല്യങ്ങളെ തച്ചുടച്ചുകൊണ്ട് സംഘപരിവാർ വർഗീയതയുടെ വിധ്വംസകത രാജ്യത്ത് അഴിഞ്ഞാടുമ്പോൾ, പ്രതിരോധത്തിൻ്റെ ഉരുക്കു കോട്ടകൾ കെട്ടി അതിനെ തടയാൻ കേരളം ശ്രമിക്കുന്ന സമയമാണിത്. പ്രത്യയശാസ്ത്രപരമായ ദിശാബോധവും, അസാമാന്യമായ ഇച്ഛാശക്തിയും ആവശ്യമാണതിന്. സഖാവിനെക്കുറിച്ചുള്ള തീക്ഷ്ണമായ ഓർമ്മകൾ അലയടിച്ചുയരുന്ന ഈ ദിനം നമ്മളിൽ നിറയ്ക്കുന്നത് ആ പോരാട്ടത്തിനുള്ള ഊർജ്ജമാണ്.
നീതിശൂന്യമായ, ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണ സമൂഹത്തെ ആധുനിക ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ ഇ എം എസിന്റെ ധൈഷണികതയും രാഷ്ട്രീയ ഇടപെടലുകലും അതുല്യമായ പങ്കാണ് വഹിച്ചത്. ജന്മിത്വ സമ്പ്രദായത്തിന്റെ തായ് വേരറുത്തു കളഞ്ഞ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ചത് അദ്ദേഹമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും നടന്ന വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിച്ചത് സഖാവ് ഇഎംഎസ് ആയിരുന്നു.
Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 1984 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73
ലോകമെങ്ങും ആഘോഷിക്കപ്പെട്ട കേരള മോഡലിന്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായി വിമർശന വിധേയനാക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് അദ്ദേഹം മുന്നോട്ടു വച്ചിരുന്ന ആശയങ്ങളെ വിപുലീകരിച്ചുകൊണ്ടു തന്നെയാണ് ഈ സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിലും പ്രവർത്തിച്ചത്.
ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവിനോളം കേരളത്തിന്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഒരിക്കലും കെടാത്ത വഴിവിളക്കായി അദ്ദേഹം ഇന്നും നിൽക്കുകയാണ്. പുരോഗതിയുടേയും സമാധാനത്തിന്റെയും പുലരിയിലേയ്ക്ക്.
ഇ എം എസിന് ജന്മനാട്ടിൽ സ്‌മാരകം
കമ്യൂണിസ്‌റ്റ് ആചാര്യനും യുഗപ്രഭാവനുമായ ഇ എം എസിന് ജന്മനാട്ടിൽ സ്‌മാരകമുയർന്നു. ഏലംകുളത്ത് ജന്മഗൃഹത്തോട് ചേർന്ന് കുന്തിപ്പുഴയുടെ തീരത്ത് പണി പൂർത്തിയാക്കിയ ഇ എം എസ് സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 30,000 ചതുരശ്ര അടി വിസ്‌തീർണമുള്ള സമുച്ചയത്തിൽ ഡിജിറ്റൽ ലൈബ്രറി, മ്യൂസിയം, ഓഡിറ്റോറിയം, ഡോർമെറ്ററി എന്നിവയ്‌ക്കൊപ്പം നാല് സ്യൂട്ട് മുറികളോട് കൂടിയ ഗസ്‌റ്റ് ഹൗസും ഉണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ചെയർമാനും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് കൺവീനറും സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ ട്രഷററുമായ ട്രസ്‌റ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമാണം.
2004ലാണ് സമുച്ചയത്തിനായി ഇ എം എസിന്റെ സഹോദര പുത്രൻ ഇ എം ദാമോദരൻ നമ്പൂതിരിയിൽനിന്ന് ഭൂമി വാങ്ങിയത്. 1.26 ഏക്കറിലാണ് സമുച്ചയം. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറുകളിൽ മിച്ചംവന്ന തുകയും പാർട്ടി അംഗങ്ങൾ നൽകിയ വിഹിതവും, വിവിധ വ്യക്തികൾ നൽകിയ സംഭാവനകളും ചേർത്ത് എട്ടു കോടിയോളം രൂപ ചെലവിട്ടാണ് സ്മാരകം നിർമിച്ചത്. 2009ൽ അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കെട്ടിടത്തിന് തറക്കല്ലിട്ടു. ഏറെക്കാലം മുടങ്ങിയ നിർമാണം 2015ൽ പുനരാരംഭിച്ചു. പൂർണമായും പ്രവർത്തനസജ്ജമായ ശേഷമാണ് സമുച്ചയം ഉദ്‌ഘാടനത്തിന് തയാറായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: EMS ministry, EMS ministry 1957