• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്വപ്ന സുരേഷിന് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശം;' തെളിവുമായി ഇഡി

'സ്വപ്ന സുരേഷിന് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശം;' തെളിവുമായി ഇഡി

2019 ജൂലൈ 31ന് നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഇഡി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്

  • Share this:

    കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ തെളിവാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ പറയുന്ന വാട്സാപ്പ് സന്ദേശം ഇഡി കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തി. സ്വപ്നയുടെ ജോലി ലോ പ്രൊഫൈൽ ആകുമെങ്കിലും ശമ്പളം ഇരട്ടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ശിവശങ്കറിന്റെ സന്ദേശവും കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങൾ ഇഡി ചൂണ്ടിക്കാട്ടുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പ്രധാനപ്പെട്ട തെളിവെന്ന് ഇഡി പറയുന്നു. പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യങ്ങൾ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് പറ്റിയാൽ എല്ലാം സ്വപ്നയുടെ തലയിലാകുമെന്ന കാര്യവും ശിവശങ്കർ വാട്സാപ്പ് ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്.

    Also Read- ചൂട് കൂടുന്നു; തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയരുത്; കരുതൽ വേണമെന്ന് മുഖ്യമന്ത്രി

    2019 ജൂലൈ 31ന് നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഇഡി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകൾ എന്നാണ് ഇഡി ഇതിനെക്കുറിച്ച് പറയുന്നത്. കേസിൽ ഈ ചാറ്റുകൾ ഏറെ നിർണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇഡി വ്യക്തമാക്കുന്നു.

    അതേസമയം, വ്യക്തമായ തെളിവുകൾ നിരത്തി ചോദ്യം ചെയ്തിട്ടും എം ശിവശങ്കർ കള്ളം മാത്രമാണു പറയുന്നതെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
    4.48 കോടി രൂപ കോഴ നൽകിയതായി നിർമാണക്കരാർ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകി. 6 കോടി രൂപയുടെ കോഴ ഇടപാടു നടത്തിയതായി ഇടനില നിന്ന സ്വപ്ന സുരേഷിന്റെ മൊഴിയുമുണ്ട്. ഇതിൽ ശിവശങ്കറിനു ലഭിച്ച ഒരു കോടി രൂപയാണു ബാങ്ക് ലോക്കറിൽനിന്നു പിടിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു.

    Also Read- മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു നാൾ ബംഗാളിൽ; സുരക്ഷ കൂട്ടാൻ എഡിജിപി മുന്നേയെത്തി

    ശിവശങ്കർ ഉപയോഗിച്ചിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഫോൺ വാങ്ങിയതിന്റെ ബിൽ അടച്ചതു സന്തോഷ് ഈപ്പനാണെന്നതിന്റെ തെളിവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ശിവശങ്കർ അവ്യക്തമായ മറുപടികളാണു നൽകിയത്. കോഴയായി കള്ളപ്പണം നേടിയതിനും അതു വെളുപ്പിക്കാൻ ശ്രമിച്ചതിനും 3– 7 വർഷം കഠിനതടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന പിഎംഎൽഎ 3, 4 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി എസ് സരിത്, സന്ദീപ് നായർ എന്നിവരും ഈ കേസിൽ പ്രതികളാണ്. സന്ദീപ് ഒഴികെ മുഴുവൻ പ്രതികളുടെയും മൊഴികൾ ശിവശങ്കറിന് എതിരാണ്.

    കേസിന്റെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഇഡി അസി. ഡയറക്ടർ പി കെ ആനന്ദാണു ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ 31നാണു ശിവശങ്കർ സർവീസിൽനിന്നു വിരമിച്ചത്. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമപ്രകാരം സിബിഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

    Published by:Rajesh V
    First published: