• HOME
  • »
  • NEWS
  • »
  • kerala
  • »
  • ENQUIRY COMMITTEE REPORT FURNISHES SEVERAL FLAWS AGAINST G SUDHAKARAN MM TV

സുധാകരൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്; ജി. സുധാകരനെതിരേ നടപടിയുണ്ടാകും

എളമരം കരീം, കെ. ജെ. തോമസ് കമ്മിഷനാണ് സുധാകരനെതിരായ ആരോപണങ്ങൾ അന്വേഷിച്ചത്

ജി. സുധാകരൻ

ജി. സുധാകരൻ

  • Share this:
തിരുവനന്തപുരം: ജി. സുധാകരനെതിരേ സി.പി.എം. അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി. സുധാകരൻ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. റിപ്പോർട്ട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചേർന്നു പ്രവർത്തിച്ചില്ലെന്ന കുറ്റപ്പെടുത്തൽ പരാതിക്കാരനും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്. സലാമിനെതിരേയുമുണ്ട്. എളമരം കരീം, കെ. ജെ. തോമസ് കമ്മിഷനാണ് സുധാകരനെതിരായ ആരോപണങ്ങൾ അന്വേഷിച്ചത്. എന്നാൽ റിപ്പോർട്ട് ഇന്ന് ചർച്ചയ്ക്കെടുത്തില്ല.

"തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നുവന്നു. അവിടെ തെരഞ്ഞെടുപ്പ് ജയം ഉറപ്പിക്കുന്നതിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ജി. സുധാകരന്റെ ഭാഗത്തു നിന്നുണ്ടായി. തെരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും പരിമിതികളുണ്ടായി. ഈ വീഴ്ചകൾ സംസ്ഥാന കമ്മിറ്റി പ്രത്യേകം പരിശോധിക്കണം."

സി.പി.എം. അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളാണിത്. സുധാകരന് വീഴ്ച പറ്റിയെന്ന പ്രാഥമിക വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സുധാകരനെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്നു.



തെരഞ്ഞെടുപ്പിൽ ജി. സുധാകരൻ നിഷേധാത്മക സമീപമാണ് സ്വീകരിച്ചത്. പാർട്ടി സ്ഥാനാർഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിച്ചില്ല. സ്ഥാനാർഥിക്കെതിരായി നടന്ന പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനു പകരം മൗനിയായി.

സലാമിനെതിരേയുള്ള പോസ്റ്റർ അടക്കമുള്ള പരസ്യ പ്രതിഷേധങ്ങൾക്കു പിന്നിൽ സുധാകരനാണെന്ന വിമർശനം ഉയർന്നിരുന്നു. അന്ന് അതിനെ തള്ളിപ്പറയാൻ സുധാകരൻ തയാറാകാത്തതും വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സുധാകരൻ പങ്കെടുത്തില്ല. ഇതും ഗൗരവത്തോടെയാണ് പാർട്ടി കണ്ടത്.

കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കാത്തിനാലാണ് ഇന്ന് റിപ്പോർട്ട് ചർച്ചയ്ക്കെടുക്കാത്തത്. കോടിയേരിയുടെ സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് സുധാകരനെതിരായ നടപടി തീരുമാനിക്കും. സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാകും നടപടി പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചേർന്നു പ്രവർത്തിച്ചില്ലെന്നും ഒരു പ്രത്യേക വിഭാഗക്കാരനാണെന്ന പ്രചരണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചില്ലെന്നുമാണ് എച്ച്. സലാമിനെതിരേയുള്ള കുറ്റപ്പെടുത്തൽ.

സാധാരണ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അച്ചടക്ക നടപടിയുണ്ടാകാറില്ല. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമായതിനാൽ സമ്മേളന കാലത്തെ നടപടിക്കു തടസ്സമില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ തന്നെ സുധാകരനെതിരേ നടപടിയുണ്ടാകാനാണ് സാധ്യത.

പല നേതാക്കൾക്കും പാർലമെന്ററി വ്യാമോഹം കലശലാണെന്ന് സി.പി.എം. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വിലയിരുത്തിയിട്ടുണ്ട്. അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ സുധാകരൻ ആഗ്രഹിച്ചിരുന്നെന്നും സ്ഥാനാർഥിത്വം ലഭിക്കാത്തതിനാലാണ് നിസഹകരണത്തിലേക്കു കടന്നതെന്നുമാണ് വിമർശനം. അതുകൊണ്ടു തന്നെ പാർട്ടി നടപടി സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറും. ഒരുപക്ഷേ പടിയിറക്കവും.

Summary: A CPM party enquiry commission has tabled a report on G Sudhakaran's approach to election in Ambalappuzha
Published by:user_57
First published:
)}