• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണം; ഡിഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം

കോൺഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണം; ഡിഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം

പ്രതാപചന്ദ്രന്റെ മരണം ചില പാർട്ടി നേതാക്കളുടെ മാനസിക സമ്മർദ്ദം മൂലം ആണെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി

  • Share this:

    തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണത്തിൽ അന്വേഷണത്തിന് നിർദേശം. ഡിഐജി എ അക്ബറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പ്രതാപചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുമായി സമീപിച്ചപ്പോൾ കെപിസിസി പ്രസിഡന്റ് ധാർഷ്ട്യത്തോടെ പെരുമാറിയാതായി പ്രജിത്ത് പ്രതാപചന്ദ്രൻ ന്യൂസ് 18 നോട് പ്രതികരിച്ചു.

    കെപിസിസി ട്രഷറർ ആയിരുന്ന വി പ്രതാപചന്ദ്രന്റെ മരണം ചില പാർട്ടി നേതാക്കളുടെ മാനസിക സമ്മർദ്ദം മൂലം ആണെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ആഴ്ചകൾക്ക് മുമ്പ് സിറ്റി പോലീസ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും പാർട്ടി നേതൃത്വം ഇടപെട്ട് അത് പിൻവലിപ്പിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ നടപടി ഉണ്ടാകും എന്ന ഉറപ്പിന്മേൽ ആയിരുന്നു ഈ തീരുമാനം.

    Also Read- കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

    എന്നാൽ ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് പ്രതാപചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. പോലീസ് ആസ്ഥാനത്തെ ഡിഐജി അക്ബറിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ആകും പരാതിയിൽ അന്വേഷണം നടത്തുക.

    അതേസമയം പരാതി നൽകുന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചതായും ഡിസിസി ജനറൽ സെക്രട്ടറി വണ്ടന്നൂർ സന്തോഷിനെതിരായ നടപടി മറ്റ് ചിലരെ രക്ഷിക്കാനാണെന്ന് സംശയമുണ്ടെന്നും പ്രജിത് പ്രതാപചന്ദ്രൻ ന്യൂസ് 18നോട് പറഞ്ഞു.

    എന്നാൽ വണ്ടന്നൂർ സന്തോഷിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചതായാണ് കെപിസിസിയുടെ വിശദീകരണം. വിവാദങ്ങൾക്ക് കാരണമായ കെപിസിസി യിലെ ഫണ്ട് പിരിവിനെ സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നേക്കും എന്നാണ് സൂചന.

    Published by:Naseeba TC
    First published: