കൊച്ചി: ആഗോള പരിസ്ഥിതി ദിനം പ്രമാണിച്ച് യുഎന്റെ ഭാഗമായ യുഎന്‍ഇപിയുമായി സഹകരിച്ച് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന് നടത്തിവരുന്ന അന്തര്‍ദേശീയ നേച്വര്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ പതിമൂന്നാം പതിപ്പിന് തുടക്കമായി. ഹരിതപൈതൃകം പുനരുജ്ജീവിപ്പിക്കാം എന്നതാണ് ഇത്തവണത്തെ മത്സരത്തിന്റെ ഇതിവൃത്തം. എന്‍ട്രികള്‍ സ്വീകരിയ്ക്കുന്ന അവസാനതീയതി ജൂണ്‍ 30, 2021.
നിലവിലുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതുകൊണ്ടു മാത്രം പ്രകൃതിയെ രക്ഷിക്കാനാവില്ലെന്ന് ഇത്തവണത്തെ ഇതിവൃത്തം പ്രഖ്യാപിച്ച ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണന് പറഞ്ഞു. സംരക്ഷണത്തിനൊപ്പം പുനരുജ്ജീവനവും പ്രധാനമാണ്. നഷ്ടങ്ങള്‍ നികത്താനുള്ള പ്രവര്‍ത്തനങ്ങളും വേണം. ലോകമെങ്ങുമുള്ള ആളുകള്‍ ഒറ്റയ്ക്കും കൂട്ടായും ഇത്തരം പുനുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തങ്ങളുടെ സ്വന്തം പിന്നാമ്പുറങ്ങളില്‍, പൊതുസ്ഥലങ്ങളില്‍, കുളങ്ങളില്‍, പുഴകളില്‍, നഗരങ്ങള്ക്കുള്ളിലെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹരിതപൈതൃകം പുനരുജ്ജീവിപ്പിക്കാം എന്ന ഇതിവൃത്തത്തില്‍ ലോകമെങ്ങുമുള്ള അമച്വര്‍, പ്രൊഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പങ്കെടുക്കാവുന്ന വാര്‍ഷിക മത്സരത്തിന്റെ 13-ാം പതിപ്പ് ആരംഭിയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ ആഘോഷിയ്ക്കാനും അവയെ മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കാനും ഇത്തവണത്തെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രമുഖ അഡ്വര്‍ടൈസിംഗ് ഗുരു പ്രതാപ് സുതന് ചെയര്‍മാനായ മൂന്നംഗ ജൂറിയും ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ വോട്ടു രേഖപ്പെടുത്തുന്ന കാഴ്ചക്കാരും ചേര്‍ന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരിയും പ്രാസംഗികയുമായ ഐശ്വര്യ ശ്രീധര്‍, ഇക്കോളജിക്കല്‍ റിസ്റ്റോറേഷന്‍ പദ്ധതികളിലൂടെ പ്രശസ്തനായ അമേരിക്കന്‍ ലാന്‍ഡ്സ്കേപ് ആര്‍ട്ടിസ്റ്റ് മൈക്കല്‍ ലിറ്റ്ല്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
ലോകമെങ്ങും നിന്നുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന മത്സരത്തിന് പ്രവേശന ഫീസ് ഇല്ല. ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് 50,000 രൂപ, 30,000 രൂപ, 20,000 രൂപ എന്നിങ്ങനെ മൊത്തം 1 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും സമ്മാനമായി നല്‍കും.
Also Read-
പരിസ്ഥിതിയെ സംരക്ഷിക്കാം, ജീവൻ രക്ഷിക്കാം; തിങ്ക്- ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നുആവാസവ്യവസ്ഥകളുടെയും ഹരിത പൈതൃകത്തിന്റേയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് പരിഗണിക്കുക. ചിത്രവും അതു സംബന്ധിച്ച ചെറുകുറിപ്പും www.greenstorm.com എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം.
ജൂറി തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയില്പ്പെടുന്ന ചിത്രങ്ങള്‍ www.greenstorm.green എന്ന വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ജൂറി മാര്‍ക്കുകളും ഓണ്‍ലൈനായി ലഭിക്കുന്ന വോട്ടുകളുടേയും അടിസ്ഥാനത്തിലാകും അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.greenstorm.green സന്ദര്‍ശിക്കുക. മൊബൈല്‍ 87144 50501.
2009 മുതല്‍ 12 വര്‍ഷമായി നടന്നു വരുന്ന മത്സരത്തില്‍ ലോകമെമ്പാടും നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു വരുന്നു. 2020-ല്‍ മാത്രം 52 രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതു വരെ 1.2 കോടിയോളം പേരിലേക്ക് ഗ്രീന്‍സ്റ്റോം എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.