'ട്രെയിൻ യാത്രക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്; രാത്രി ഉറങ്ങാൻ ഓക്സിജൻ മാസ്ക്കിന്റെ സഹായം വേണം, അതുമാത്രം': ഇ പി ജയരാജൻ
'ട്രെയിൻ യാത്രക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്; രാത്രി ഉറങ്ങാൻ ഓക്സിജൻ മാസ്ക്കിന്റെ സഹായം വേണം, അതുമാത്രം': ഇ പി ജയരാജൻ
ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്ത പോലെ മടക്കയാത്രയും ട്രെയിനിലാണ്
Last Updated :
Share this:
കണ്ണൂർ: യാത്രാ വിലക്കിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്ത പോലെ മടക്കയാത്രയും ട്രെയിനിലാണ്. മാവേലി എക്സ്പ്രസിലാണ് മടക്കം. ട്രെയിൻ യാത്രകളിൽ വലിയൊരു ദുരന്തം നേരിട്ടിട്ടും വീണ്ടും യാത്രയ്ക്ക് ട്രെയിനിനെ തന്നെ ആശ്രയിക്കുന്നത് ഇൻഡിഗോയുടെ നിലപാട് ശരിയല്ലെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണെന്നും ജയരാജൻ 'മനോരമ'യോട് പറഞ്ഞു.
''വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തി അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് 2 ആഴ്ചത്തെ യാത്രാ വിലക്കും മുഖ്യമന്ത്രിയെ അപകടത്തിൽ നിന്നു രക്ഷിച്ച തനിക്ക് 3 ആഴ്ചത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയ ഇൻഡിഗോയുടെ തീരുമാനത്തിൽ പിശകുകളുണ്ട്. എങ്ങനെയാണ് ഇത്തരം ഒരു നിലപാടിലേക്ക് അവർ എത്തിയത്. ഇൻഡിഗോ അതിന്റെ നിലവാരം വിട്ടു പ്രവർത്തിക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടാണ് ഇൻഡിഗോ ബഹിഷ്കരിക്കാൻ ഞാനും തീരുമാനിച്ചത്. തീരുമാനം അവർ തിരുത്താത്തിടത്തോളം ഇൻഡിഗോയിൽ യാത്ര ചെയ്യാനില്ല'' - ജയരാജൻ നിലപാട് ആവർത്തിച്ചു.
ട്രെയിനിൽ യാത്ര ചെയ്യാൻ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാത്രി ഉറങ്ങണമെങ്കിൽ ഓക്സിജൻ മാസ്ക്കിന്റെ സഹായം വേണം. അതിനുള്ള ഉപകരണങ്ങൾ കൊണ്ടു നടക്കണം. എന്നാലും ഇൻഡിഗോ ചെയ്ത നീതികേട് അംഗീകരിക്കാനാവില്ല. കോവിഡ് കാലത്ത് ട്രെയിൻ സർവീസ് ഇല്ലാതായതോടെയാണ് വിമാനത്തെ ആശ്രയിക്കാൻ തുടങ്ങിയത്. വീണ്ടും ട്രെയിൻ യാത്രയിലേക്ക് മടങ്ങുകയാണെന്ന് ജയരാജൻ പറഞ്ഞു.
1995 ഏപ്രിൽ 12ന്, ചണ്ഡിഗഡിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് നാട്ടിലേക്കു മടങ്ങുമ്പോൾ രാജധാനി എക്സ്പ്രസിൽ ഇ പി ജയരാജന് വെടിയേറ്റിരുന്നു. ആന്ധ്രയിലെ ചിരാല റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിലായിരുന്നു വധശ്രമം. അന്നത്തെ സംഭവത്തിന് ശേഷം ശ്വാസമെടുക്കാൻ വിഷമമുള്ളതിനാൽ ഉറങ്ങുമ്പോൾ ഓക്സിജൻ മാസ്ക്കിന്റെ സഹായം വേണം. അതു മാത്രമാണ് ട്രെയിനിലെ ദീർഘദൂര യാത്രയ്ക്കുള്ള പ്രശ്നമെന്നു ജയരാജൻ വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.