• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുഡിഎഫിനും ബിജെപിക്കുമെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം

യുഡിഎഫിനും ബിജെപിക്കുമെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം

ബിജെപി യുമായി സന്ധി ചെയ്താൽ എത്ര ഉന്നതനും സംപൂജ്യൻ ആകുമെന്നതിന്റെ  തെളിവാണ് ഇ ശ്രീധരന്ടെ തോൽവിയെന്നും സത്യദീപം പറയുന്നു

സത്യദീപം

സത്യദീപം

  • Share this:
    കൊച്ചി: സംസ്ഥാന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിശകലനവുമായി സഭാ മുഖപത്രവും. യുഡിഫിനേയും ബിജെപിയെയും കടന്നാക്രമിക്കുന്നതാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്റോറിയൽ.
    ബിജെപി യുമായി സന്ധി ചെയ്താൽ എത്ര ഉന്നതനും സംപൂജ്യൻ ആകുമെന്നതിന്റെ  തെളിവാണ് ഇ ശ്രീധരന്ടെ തോൽവിയെന്നും സത്യദീപം പറയുന്നു.ജോസ് കെ മണിക്കും പരോക്ഷ വിമർശനമുണ്ട്.അധികാരത്തിനു വേണ്ടി രാഷ്ട്രീയ മര്യാദ മറന്നു മറുകണ്ടം ചാടുന്നവർക്കുള്ള സന്ദേശമാണ് തെരഞ്ഞെടുപ്പു നൽകിയതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

    മുഖപ്രസംഗത്തിൽ നിന്ന് 

    ക്യാപ്റ്റന്‍ വിളിയില്‍ ആദ്യം അമ്പരന്നത് പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. എന്നാല്‍ സഖാവ് പിണറായി വിജയനിലെ ക്യാപ്റ്റന്‍സി സത്യമാണെന്ന് തെളിയിക്കപ്പെട്ട, സെഞ്ചുറിയ്ക്കരികിലെത്തിയ അത്യുജ്ജ്വല വിജയം തുടര്‍ഭരണത്തിനുള്ള അനുമതിയുടെ ജനവിധിയായി. കേരളം നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളില്‍ ഒപ്പമുള്ള സര്‍ക്കാരിന്റെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനകീയാംഗീകാരം ഇടതുപക്ഷത്തിന് 99 സീറ്റ് സമ്മാനിച്ചപ്പോള്‍ ഭരണവീഴ്ചകള്‍ ജനകീയ പ്രശ്‌നങ്ങളായി ജനങ്ങളിലെത്തിക്കുന്നതിലെ പരാജയം പ്രതിപക്ഷത്തെ 41 സീറ്റിലൊതുക്കി. 2016-ല്‍ ആദ്യമായി തുറന്ന അക്കൗണ്ട് അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിന്റെ അഗാധ നടുക്കത്തില്‍ ബിജെപിയും.

    നാല്പതു വര്‍ഷത്തിനിടയില്‍ ആദ്യമായി അതും ഒരു ഇടതുസര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചപ്പോള്‍ രാഷ്ട്രീയ കേരളം കൗതുകപ്പെട്ടത് അതിന്റെ ചരിത്രപരമായ അപൂര്‍വ്വതകൊണ്ട് മാത്രമല്ല, അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതുകൊണ്ടു കൂടിയാണ്.

    മറ്റൊരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളിലൂടെയാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷം സഞ്ചരിച്ചത്. ഓഖിയും, രണ്ട് പ്രളയവും, നിപ്പയും ഇപ്പോള്‍ കോവിഡിന്റെ രണ്ടാം തരംഗവും തുടങ്ങി നിരവധിയായ സങ്കീര്‍ണ്ണതകളിലൂടെയുള്ള നിരന്തരമായ യാത്രയാല്‍ അടയാളപ്പെട്ടതായിരുന്നു, ഇടതുഭരണകാലം. പ്രതിസന്ധികളില്‍ കൂടെയുള്ള സര്‍ക്കാരിന്റെ ഏറ്റവും ജനകീയമുഖം പിണറായി വിജയന്റേതായിരുന്നു. അനുദിന പത്രസമ്മേളനങ്ങളിലെ ധൈര്യപ്പെടുത്തുന്ന സാന്നിദ്ധ്യം, ആശ്വാസത്തിന്റേതായി എന്നു മാത്രമല്ല, ക്ഷേമപദ്ധതികളിലൂടെ പണവും കിറ്റും വീട്ടിലെത്തിയപ്പോള്‍, ജനസാമാന്യം ഒട്ടൊന്നു സമാധാനിക്കുകയും ചെയ്തു.



    എന്തുകൊണ്ട് യുഡിഎഫ് തോറ്റു എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ എന്തുകൊണ്ട് വീണ്ടും എല്‍ഡിഎഫ് എന്ന ലളിതമായ ഉത്തരമൊളിഞ്ഞിരുപ്പുണ്ട്. നേതൃ'ശൂന്യത' യുഡിഎഫിന് ബാധ്യതയായപ്പോള്‍, നേതൃശേഷി എല്‍ഡിഎഫിനെ തുടര്‍ഭരണത്തിനൊരുക്കി. ഇനിയും അവസാനിച്ചിട്ടില്ലാത്ത കോവിഡ് പോലുള്ള ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥയെ കേരളത്തിനു മറികടക്കണമെങ്കില്‍ പിണറായി വിജയന്റേതുപോലുള്ള ഉറച്ച നേതൃത്വം ആവശ്യമാണെന്ന തിരിച്ചറിവില്‍ കേരളം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് ചിന്തിച്ചത് സ്വാഭാവികം മാത്രം. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകളെ പലതായി ചിതറിച്ച 'പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗും' നിര്‍ണ്ണായകമായി.
    മറുവശത്ത് ഒരേ ശബ്ദത്തില്‍ ഒരു പരിപാടിയുമായി ഒരുമിച്ച് നില്‍ക്കുന്ന നേതൃത്വത്തിന്റെ അഭാവം തന്നെയാണ് യുഡിഎഫിനെ വിശ്വാസത്തിലെടുക്കുന്നതില്‍ നിന്നും കേരളത്തെ പിന്തിരിപ്പിച്ചത്. പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന പല നൈതിക പ്രശ്‌നങ്ങള്‍ക്കുപോലും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ കിട്ടിയില്ലെന്നതാണ് വാസ്തവം.

    പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചുവെങ്കിലും നേതാക്കള്‍ക്കിടയിലെ അതൃപ്തിയും അസ്വാരസ്യവും അനുചിത പ്രതികരണങ്ങളായി അവസാനം വരെ പ്രകടവുമായിരുന്നു. അവതരിപ്പിക്കാന്‍ കൃത്യമായ ഒരു രാഷ്ട്രീയ പരിപാടിയില്ലാതെ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം വിളിച്ചു ചേര്‍ക്കപ്പെടുന്ന ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറിത്തീരുന്നതില്‍ അതിന്റെ നേതൃത്വത്തിനു പോലും ആകാംക്ഷയില്ലെന്നത് ആശ്ചര്യകരമാണ്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ആത്മധൈര്യമില്ലാത്തതിനാല്‍ വീതം വെയ്പ് രാഷ്ട്രീയത്തിലാണ് വിശ്വാസവും, ആശ്വാസവും. ദേശീയ നേതൃത്വമെന്നാല്‍ രാഹൂലും പ്രിയങ്കയുമായി ചുരുങ്ങുന്നതും, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഉയിര്‍പ്പിന് അവര്‍ക്കു മാത്രമായി സഹായിക്കാനാകില്ലെന്നതും പാര്‍ട്ടി ഗൗരവമായിട്ടെടുക്കണം. ബൂത്തു തലം മുതല്‍ സുസംഘടിതമായ രാഷ്ട്രീയ ശരീര നിര്‍മ്മിതി അടുത്ത തെരഞ്ഞെടുപ്പിനൊരുക്കമായി കോണ്‍ഗ്രസ് ഇപ്പോഴെ തീരുമാനിക്കണം. നേതൃമാറ്റത്തിലൂടെ നേതൃശേഷി വീണ്ടെടുക്കണം. കാരണം സര്‍വ്വാധിപത്യപ്രവണതകള്‍ക്കെതിരെ ജനാധിപത്യ സേന്ദശമായി കോണ്‍ഗ്രസ് കേരളത്തില്‍ എന്നുമുണ്ടാകണം.

    ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിട്ട് നാളേറെയായെന്ന് അറിയാത്തതല്ല. പക്ഷേ, ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വെളിയില്‍ നിര്‍ത്താന്‍ ഇപ്പോഴും, സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിയോളം കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന വലതു മുന്നണി ശക്തമല്ലെന്ന തോന്നലാണ് പൊതുവില്‍ കേരളത്തിന്റേത്. ഈയിടെ വലതുമുന്നണിയുടെ മതനിരപേക്ഷ പാരമ്പര്യം ചില നടപടി ദോഷങ്ങളാല്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ശക്തമായ പ്രതിരോധവുമായി എത്താതിരുന്നതും തിരിച്ചടിയായി. ഇക്കുറി ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ എല്‍ഡിഎഫിനായത് അങ്ങനെയാണ്.

    ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പരിപാടികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്ന് തെളിയിച്ച തെരെഞ്ഞടുപ്പ്, പ്രബുദ്ധ കേരളത്തിന്റെ മികച്ച രാഷ്ട്രീയ നേട്ടമായി. എത്ര ഉന്നതശീര്‍ഷനും വര്‍ഗ്ഗീയ പാര്‍ട്ടിയുമായി സന്ധി ചെയ്യുമ്പോള്‍ വെറും 'സംപൂജ്യ'നാകുമെന്ന് ഇ. ശ്രീധരന്റെ 'രാഷ്ട്രീയ (അ)പ്രവേശനം' തെളിയിച്ചു. നേരിന്റെ രാഷ്ട്രീയം നേരിട്ട് നടത്താന്‍ ബിജെപി ഇനിയും പഠിക്കേണ്ടതുണ്ട്. വടകരയിലെ കെ.കെ. രമയുടെ വിജയം വിയോജിപ്പിനെ ആയുധമണിയിക്കുന്നവര്‍ക്കുള്ള ശക്തമായ രാഷ്ട്രീയ സന്ദേശമായി.

    രാഷ്ട്രീയ നൈതികത പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണമായിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ച 'തെരഞ്ഞെടുപ്പായി'രുന്നു കടന്നുപോയത്. അധികാരത്തോടുള്ള ആര്‍ത്തിയാല്‍ രാഷ്ട്രീയ മര്യാദ മറന്ന് മറുകണ്ടം ചാടിയവരെ ജനം തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നതിന് കേരളം ഇക്കുറി സാക്ഷിയായി. വിവിധ സമുദായങ്ങളുടെയും, സഭാനേതൃത്വത്തിന്റെയും സമാനതകളില്ലാത്ത ഇടപെടലുകളാല്‍ ശ്രദ്ധേയമായി ഇത്തവണത്തെ തെരെഞ്ഞടുപ്പു ചിത്രം. മുകളില്‍ നിന്നും 'നിര്‍ദ്ദേശി ക്കപ്പെട്ട' സ്ഥാനാര്‍ത്ഥികളല്ല, ജനം ഉദ്ദേശിച്ചവരാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് സത്യം. നേതൃത്വം ജനാഭിമുഖമല്ലെങ്കില്‍ ജനവിരുദ്ധമാകാമെന്ന സന്ദേശം ജനാധിപത്യസംവിധാനത്തിന്റേതാണ്.

    99 എന്ന മഹാഭൂരിപക്ഷം മഹത്തായ കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ്; മറക്കരുത്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളില്‍ കാമ്പുള്ളവ കേരളത്തിന്റെ കരുതലിനാണ്; കളിയായി കാണരുത്. പിഎസ്‌സി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും സുസമ്മതിയും വീണ്ടെടുക്കണം. വലിയ കടക്കെണിയിലായ സംസ്ഥാനത്തിന് പുതിയ ബാധ്യതയായി ഭരണച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കാനുള്ള വകതിരിവുണ്ടാകണം. അസഹിഷ്ണുതയുടെ ശരീരഭാഷ ഭരണഭാഷയാകാതിരിക്കുകയും വേണം.

    തെരഞ്ഞെടുപ്പ് കഴിഞ്ഞു ഇനി കേരളം ഒന്നാണ്. ഒന്നിച്ചു നില്ക്കാനുള്ള കാരണ വും കാര്യക്രമവും സര്‍ക്കാര്‍ നിശ്ചയമാണ്. നവകേരള നിര്‍മ്മിതിയില്‍ എല്ലാവരും ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും സര്‍ക്കാര്‍ തന്നെ. ഐക്യകേരളത്തിന് ആശംസകള്‍.
    Published by:Jayesh Krishnan
    First published: