എറണാകുളത്തെ മഴ അവധി പ്രഖ്യാപനം വൈകിയ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് .‘വൈകി അവധി പ്രഖ്യാപിച്ചത് കലക്ടർ ഉറങ്ങിപ്പോയതുകൊണ്ടാണോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയവരോടാണ് കളക്ടര്‍ മറുപടി നല്‍കിയത്. ‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണെന്ന് രേണു രാജ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടര്‍ വിശദീകരണം നല്‍കിയത്.
‘അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അന്നത്തെ തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്, തെറ്റു പറ്റിയിട്ടില്ല’’ എന്നും കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികൾ സ്കൂളുകളിലേക്കു പോയതിനു ശേഷം കലക്ടർ അവധി പ്രഖ്യാപിച്ച സംഭവം പൊതുജനങ്ങളിൽനിന്നു രൂക്ഷമായ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു.
‘വിഷയത്തിൽ എല്ലാവരും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു. ഇനി എന്റെ ഭാഗം പറയുന്നതിൽ കാര്യമുണ്ടോ എന്നറിയില്ല’ .അന്നത്തെ ദിവസം റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടതില്ലായിരുന്നു. അന്നു പുലർച്ചെ വന്ന മുന്നറിയിപ്പിൽ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30ന് വന്ന മുന്നറിയിപ്പിൽ അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നായിരുന്നു വന്നത്. അതു സംഭവിക്കുകയും ചെയ്തു. ഉച്ചയോടു കൂടി നദികളിലെല്ലാം ജലനിരപ്പ് ഉയരുകയും ചെയ്തു.
പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോള്‍ അസൗകര്യമുണ്ടാകും, അതു മനസിലാകും. ശരിയുമാണ്. പരാതി പറയുന്നതിൽ ഒരു വിരോധവുമില്ല, വിഷമവുമില്ല. ഞാനാണ് ആ സ്ഥാനത്തെങ്കിൽ എനിക്കും അസൗകര്യമുണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും ഇടയില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിർവാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്.
അതേസമയം യഥാർഥ വസ്തുത എന്താണ് എന്നു നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കുന്നില്ല, കുട്ടികൾ വൈകുന്നേരം വരെ സ്കൂളിൽ പോകട്ടെ എന്നു തീരുമാനിക്കണം. ഉച്ചകഴിഞ്ഞു കുട്ടികൾ പോകട്ടെ എന്നു തീരുമാനിച്ചിരുന്നെങ്കിൽ ആ സമയം വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അൽപം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്നു പറയുമായിരുന്നു.
എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായി, തീർച്ചയായും അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കും. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. അങ്ങനെയാണ് പഠിച്ചു മുന്നോട്ടു പോകുന്നത്. എന്നാൽ ആ സമയം എടുക്കേണ്ടി വന്ന തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്. തെറ്റുപറ്റി എന്നു ചിന്തിക്കുന്നില്ല. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒന്നര മണിക്കൂറു കഴിഞ്ഞു ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. ആ സമയം പറഞ്ഞില്ലായിരുന്നെങ്കിൽ 10 മണിക്ക് എന്തായാലും അവധി പ്രഖ്യാപിക്കേണ്ടി വരുമായിരുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ernakulam collector, Kerala rains, Kerala School holiday