നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | ഡാമുകൾ നിറയുന്നു; മുൻകരുതലിൽ എറണാകുളം ജില്ല

    Kerala Rains | ഡാമുകൾ നിറയുന്നു; മുൻകരുതലിൽ എറണാകുളം ജില്ല

    എറണാകുളം ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളിലേക്ക്

    ഇടുക്കി ആർച്ച് ഡാം

    ഇടുക്കി ആർച്ച് ഡാം

    • Share this:
    കൊച്ചി: ഇടുക്കിയിൽ ഓറഞ്ചും ഇടമലയാറിൽ നീലയും അലർട്ടിലേക്ക് ജലനിരപ്പെത്തിയതോടെ എറണാകുളം ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടർ ജാഫർ മാലിക്ക് വിളിച്ചുചേർത്ത യോഗത്തിൽ എല്ലാ വകുപ്പുകളുടേയും സേനകളുടെയും ജില്ലാ മേധാവികൾ പങ്കെടുത്തു.

    അണക്കെട്ട് തുറക്കുന്ന സാഹചര്യമുണ്ടായാൽ വെള്ളം കയറുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാനുള്ള നടപടി കഴിഞ്ഞ ദിവസം രാത്രി തന്നെ ആരംഭിച്ചു. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലും അപ്പപ്പോൾ അറിയിപ്പുകൾ നൽകുന്നുണ്ട്.

    ഇടുക്കി, ഇടമലയാർ, മലങ്കര, ഭൂതത്താൻകെട്ട് ഡാമുകളിലെയും നദികൾ, തോടുകൾ എന്നിവയിലെയും ജലനിരപ്പ് കളക്ടറേറ്റിലെ അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിൽ സൂക്ഷ്മനിരീക്ഷണത്തിലാണ്. ആലുവ, മുവാറ്റുപുഴ, കോതമംഗലം, പറവൂർ താലൂക്കുകളിലെ തീരവും താഴ്ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഉചിതമായ സ്ഥലങ്ങളിൽ താൽക്കാലിക ക്യാമ്പുകൾ സജ്ജമാണ്.

    പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലീസ്, അഗ്നിരക്ഷസേന, റെവന്യൂ, പഞ്ചായത്ത്‌ വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്റെ സേവനവും ഉറപ്പാക്കും. കോവിഡ് രോഗികളെയും രോഗലക്ഷണം ഉള്ളവരെയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.

    പറവൂർ, ആലുവ താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രി പി. രാജീവ് ആലുവ താലൂക്ക് ഓഫീസിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തും.



    ആളുകളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഗതാഗത സൗകര്യം ക്രമീകരിക്കാൻ ആർ.ടി.ഒ.ക്ക് കളക്ടർ നിർദേശം നൽകി. തടസങ്ങൾ നീക്കുന്നതിനുള്ള എസ്കവേറ്ററുകളും, സമാന വാഹനങ്ങളും ഏർപ്പെടുത്തും. ടോറസ് ലോറികളും സജ്ജീകരിക്കും.
    ഇന്നും വരും ദിവസങ്ങളിലും നദിയിലെ ജലപ്രവാഹത്തെ ബാധിക്കുന്ന രീതിയിൽ വേലിയേറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

    പെരിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരക്കിലും താഴെയാണെന്ന് അധികൃതർ വ്യക്തമാക്കി. ഭൂതത്താൻ കെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നു വച്ചിരിക്കുകയാണ്. പാതാളം, കണക്കൻ കടവ് എന്നിവ അടക്കമുള്ള ബണ്ടുകളും സ്ളൂയിസ് ഗേറ്റുകളും തുറന്ന് ജലപ്രവാഹം സുഗമമാക്കിയിട്ടുണ്ട്.

    അതേസമയം ജില്ലയിലെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു. എന്നാൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞെങ്കിലും  മൂവാറ്റുപുഴയാറിലെ ജലനിരപ്പിൽ മാറ്റമില്ല.

    കനത്ത മഴയെ തുടർന്ന് പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നു. ഇതേത്തുടർന്ന് ഇവിടേയ്ക്കുള്ള ഏക യാത്രാ മാർഗ്ഗമായ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി ഗതാഗതം നിലച്ചിരിക്കുകയാണ്. രണ്ട് ആദിവാസി കുടികളും മണികണ്ഠൻ ചാൽ നിവാസികളും ഇതോടെ ഒറ്റപ്പെട്ടു. ജില്ലയുടെ തീര മേഖലകളിൽ ഉള്ളവരോട് ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

    2018 ലെ മഹാപ്രളയം ഉണ്ടാക്കിയ ഭീതി ഒഴിയാത്ത എറണാകുളം ജില്ല, ഡാമുകൾ നിറയുന്നതോടെ ആശങ്കയുടെ മുൾമുനയിലാണ്.

    Summary: Ernakulam district under strict vigil as dams are filling fast in heavy downpour
    Published by:user_57
    First published:
    )}