തിരുവനന്തപുരം: ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തി നിര്‍ദേശിച്ച എക്‌സ്പ്രസ് ട്രെയിന്‍ കൊല്ലത്തുനിന്ന് ആരംഭിക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അംഗീകാരം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തിലേക്ക് പുതിയതായി റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്ത എറണാകുളത്തുനിന്നു കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്‌പെഷല്‍ ട്രെയിനിനു പകരം ആഴ്ചയില്‍ രണ്ടുദിവസം സ്ഥിരമായി സര്‍വീസ് നടത്താനും അംഗീകാരം ലഭിച്ചു. എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ തിങ്കൾ, ശനി ദിവസങ്ങളിൽ എറണാകുളത്തും നിന്നും ചൊവ്വ, ഞായർ ദിവസങ്ങളിൽ വേളാങ്കണ്ണിയില്‍നിന്നും സര്‍വീസ് നടത്തും.
എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.35നു പുറപ്പെടുന്ന ട്രെയിന്‍, പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണിയില്‍നിന്നു വൈകിട്ട് 6.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് 12ന് എറണാകുളത്ത് എത്തും. നിലവില്‍ സ്‌പെഷല്‍ ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്‌റ്റോപ്പുകളിലും ഈ ട്രെയിന്‍ നിർത്തും. ആഴ്ചയില്‍ രണ്ടു ദിവസം തിരുപ്പതിയില്‍നിന്നു കൊല്ലത്തേക്ക് സര്‍വീസ് നടത്തുന്ന തിരുപ്പതി – കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് തിരുപ്പതിയില്‍ നിന്ന് പുറപ്പെടുന്നത്.
Also read-ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
കൊല്ലത്തുനിന്നു ബുധനാഴ്ചയും ശനിയാഴ്ചയും തിരുപ്പതിക്കു പോകും. കൊല്ലത്തുനിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 10ന് തിരുപ്പതിയില്‍ എത്തും. തിരുപ്പതിയില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.40ന് പുറപ്പെട്ട്, പിറ്റേന്ന് 6.20ന് കൊല്ലത്ത് എത്തും.മധ്യതിരുവിതാംകൂറില്‍ നിന്നു തിരുപ്പതിയിലേക്കു പോകുന്ന തീര്‍ഥാടകര്‍ക്കും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തിരുപ്പതിയിലെത്തി അവിടെ നിന്നും ശബരിമലയിലേക്ക് വരുന്നവർക്കും ഈ ട്രെയിന്‍ സർവീസ് പ്രയോജനം ചെയ്യും.
തിരുവനന്തപുരത്തുനിന്നു പാലക്കാട് വഴി മധുരയിലേക്ക് പോകുന്ന അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കും തിരുനെല്‍വേലിയില്‍ നിന്നു പാലക്കാട് വരെ സര്‍വീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്കും പുനലൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ മധുരയിലേക്കും നീട്ടാനുള്ള ബോര്‍ഡിന്റെ ശുപാര്‍ശയും അംഗീകരിച്ചു. ചങ്ങനാശേരി സ്‌റ്റേഷനില്‍ ഗരീബ് രഥ് എക്‌സ്പ്രസിനും (12201-12202), കൊച്ചുവേളി നിസാമുദ്ദീന്‍ എക്‌സ്പ്രസിനും (22653-22654) സ്‌റ്റോപ്പുകള്‍ അനുവദിക്കും. ചങ്ങനാശേരിയില്‍ നിന്നും കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകള്‍ക്കു സ്‌റ്റോപ്പില്ലാത്തതിനാൽ ഗോവ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലേക്ക് തീർഥാടനത്തിന് പോകുന്നവർക്കുമുള്ള ബുദ്ധിമുട്ടു കൂടി കണക്കിലെടുത്താണ് ഈ രണ്ടു ട്രെയിനുകള്‍ക്കു സ്‌റ്റോപ്പ് അനുവദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.