തിരുവനന്തപുരം: എസ് എ പി ക്യാമ്പിലുള്ള മുഴുവൻ വെടിയുണ്ടകളുടെയും കണക്കെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. തിങ്കളാഴ്ച എ ഡി ജി പി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന. രാവിലെ 11ന് നടക്കുന്ന പരിശോധനയിൽ ഐ ജി ശ്രീജിത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
1996-മുതൽ ചീഫ് സ്റ്റോറിൽ നിന്നും എസ് എ പി ക്യാമ്പിലേക്ക് അനുവദിച്ച വെടിയുണ്ടകളുടെ കണക്കുൾപ്പെടെ പരിശോധിക്കും. എ കെ 47-ൽ ഉപയോഗിക്കുന്ന 7.62 എംഎം ബുള്ളറ്റുകൾ, 9 എം എം ഡ്രിൽ കാർട്രിഡ്ജ്, സെൽഫ് ലോഡിംഗ് റൈഫിളിൽ ഉപയോഗിക്കുന്ന 7.62 എം എം ബുള്ളറ്റുകൾ ഉൾപ്പെടെ 12,061 എണ്ണം കാണാനില്ലെന്നായിരുന്നു സി എ ജി കണ്ടെത്തൽ.
അതേസമയം വ്യാജ കാർട്രിഡ്ജുകൾ തിരുകിക്കയറ്റിയ സംഭവത്തിൽ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വ്യാജ വെടിയുണ്ടകൾ എവിടെ നിന്ന് ലഭിച്ചെന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം. വ്യാജ വെടിയുണ്ടകൾ നിർമ്മിച്ചു നൽകുന്നവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ചില ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ഡ്രിൽ കാർട്രിഡ്ജ് വാങ്ങാൻ ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതയും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏഴ് ഇൻസ്പെക്ടർമാരുടെ കാലത്താണ് വെടിയുണ്ടകൾ കാണാതായത്.
ഇവരടക്കം ആ സമയത്ത് ചുമതലയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. പ്രതികളായ പൊലീസുകാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.