• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയം; നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിഡൻ അജണ്ട': ഇ.ടി മുഹമ്മദ് ബഷീർ

'സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയം; നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിഡൻ അജണ്ട': ഇ.ടി മുഹമ്മദ് ബഷീർ

ഏകപക്ഷീയമായി നിയമം നടപ്പിലാക്കുന്നത് ശരിയല്ലെന്ന് ഫാദർ പോൾ തേലക്കാട്ട് അഭിപ്രായപ്പെട്ടു.

ഇ.ടി മുഹമ്മദ് ബഷീർ

ഇ.ടി മുഹമ്മദ് ബഷീർ

  • Last Updated :
  • Share this:
കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം  അപലപനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ൽ നേർപഥം ഓൺലൈൻ കാമ്പയിന്റെ  ഭാഗമായി സംഘടിപ്പിച്ച 'വിവാഹം: മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?' എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങൾ കാണാതെയാണ് സർക്കാർ ഇത്തരം നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് വർധിച്ചു വരുന്ന സ്ത്രീപീഡനം, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ലോക ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി സ്ത്രീകളുടെ വിവാഹപ്രായം പ്രശ്നമായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. വസ്തുതാപരമല്ലാത്ത വിഷയങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഹിഡൻ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഗ്രാമീണ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി സ്ത്രീ സമൂഹത്തോടുള്ള ബാധ്യത നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിന സന്ദേശത്തിൽ പൗരന്മാർക്ക് ദിശാബോധം നൽകേണ്ട പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുകയാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.
ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്നതിന് മുൻപ് മത - സംഘടനാ നേതാക്കൾ, രാഷ്ട്രീയ നേതൃത്വം, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. എന്നാൽ  പ്രധാനമന്ത്രി ജനാധിപത്യ മര്യാദകളുടെ നടപടിക്രമങ്ങൾ തെറ്റിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പല പ്രഖ്യാപനങ്ങളും ഏകപക്ഷീയമായാണ് നടത്തുന്നത്. ഇന്ത്യയിലെ ജനജീവിതം പഠിക്കാതെ രാഷട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിർദോഷമെന്ന് തോന്നിപ്പിക്കുന്ന വിധം അവതരിപ്പിക്കുന്ന വിഷയങ്ങളിലെ ഒളിയജണ്ടകൾ സമൂഹം തിരിച്ചറിയണമെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. ഫാഷിസം നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുവരുന്നതിന്റെ രീതിയെ നാം നിസാരമായി കാണരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഇന്ത്യയിലെ വിവിധ ഗോത്രവർഗങ്ങളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും സാരമായി ബാധിക്കുന്ന നിർദേശമാണ് വിവാഹപ്രായം സംബന്ധിച്ച് നമ്മുടെ പ്രധാനമന്ത്രി മുന്നോട്ടു വച്ചതെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന വിവാഹപ്രായ നിയമം തന്നെ പിന്തുടരുകയാണ് വേണ്ടത്. ആധുനിക ഇന്ത്യയിലെ എല്ലാ നയരൂപീകരണത്തിന് പിറകിലും ന്യൂനപക്ഷ വിദ്വേഷ ഒളിയജണ്ടകൾ പ്രകടമാണ്. വിവാഹപ്രായ വിഷയത്തിലും കാലുഷ്യത്തിന്റെ സന്ദേശങ്ങൾ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകപക്ഷീയമായി നിയമം നടപ്പിലാക്കുന്നത് ശരിയല്ലെന്ന് ഫാദർ പോൾ തേലക്കാട്ട് അഭിപ്രായപ്പെട്ടു. ഈ രീതി ഗുരുതരമായ സാമുഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. വിവാഹപ്രായം നിശ്ചയിക്കുന്നതിനുള്ള സാമൂഹ്യ മാനദണ്ഡങ്ങൾ പ്രസക്തമാണ്. അത് വിസ്മരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വിവാഹപ്രായം വർധിപ്പിക്കുന്നത് എല്ലാ സമൂഹത്തെയും ഒരുപോലെ ബാധിക്കും. ശൈശവ വിവാഹം പാടില്ലെന്ന് നിയമമുള്ള രാജ്യത്ത് ആ നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം രാജ്യം വൈജ്ഞാനിക ചർച്ചക്ക് വിധേയമാക്കണമെന്നും സമൂഹത്തിൻ്റെ വ്യത്യസ്ത തുറകളിലുള്ളവർ ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും രാജ്യത്തിൻ്റെ സാമൂഹിക ഭദ്രതയ്ക്ക് വിഘ്നം വരുത്താൻ കാരണമായേക്കുന്ന പ്രസ്തുത നയം നിയമമായി വരുന്നതിനെതിരെ മത - രാഷ്ട്രീയ ഭേദമന്യെ ഒറ്റക്കെട്ടായി പ്രകരിക്കണമെന്നും വൈജ്ഞാനിക സംവാദം ആവശ്യപ്പെട്ടു.

ഡോ. കണ്ണിയൻ മുഹമ്മദ് കുട്ടി മോഡറേറ്ററായിരുന്നുവിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്റഫ്, സ്വാദിഖ് മദീനി, മുജാഹിദ് ബാലുശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Published by:Aneesh Anirudhan
First published: