HOME /NEWS /Kerala / Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

pinarayi_meppadi

pinarayi_meppadi

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  1. ദുരന്ത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി, ബുധനാഴ്ച രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

  സംസ്ഥാനത്തെ ദുരന്ത മേഖലകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിച്ചു. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

  അതേസമയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16ന് ശേഷം സംസ്ഥാനത്ത് മഴ കുറയും.

  2. മഴക്കെടുതി: സംസ്ഥാനത്ത് മരണം 92, ഭൂദാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി

  സംസ്ഥാനത്തെ മഴക്കെടുതികളിൽ ഇതുവരെ മരണപ്പെട്ടത് 92 പേർ. മലപ്പുറം ജില്ലയിലെ ഭൂദാനത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ, ഇവിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 23 ആയി. അപകടത്തിൽപ്പെട്ട 36 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരും. വീടുകളുണ്ടായിരുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ തുടരുക.

  3. ഇനി കണ്ടെത്താനുള്ളത് ഏഴുപേരെ; പുത്തുമലയിൽ നാളെയും തിരച്ചിൽ തുടരും

  ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ നാളെയും തുടരും. ഇന്ന് തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. ജി പി ആർ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആയിരിക്കും തിരച്ചിൽ തുടരുക. പത്തുപേരുടെ മൃതദേഹങ്ങളാണ് പുത്തുമലയിൽ നിന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായുള്ള തിരച്ചിലിൽ പുത്തുമലയിൽ നിന്ന് ആരെയും കണ്ടെത്താനായിട്ടില്ല.

  4. ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി ആയിരിക്കും. കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും പാലക്കാടും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കും. കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

  5. വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു; രക്ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

  മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂർ കൊടക്കൽ അജിതപ്പടി സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്. അബ്ദുൽ റസാഖിന്റെ മകനേയും ഭാര്യ സഹോദരന്റെ മകനേയും രക്ഷിക്കുന്നതിനിടെയാണ് മരണം. വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച് കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുൾ റസാഖ് കുഴഞ്ഞു വീണത്.

  6 മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

  മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാകുന്ന മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയാണ് സിംഗ് പത്രിക സമർപ്പിച്ചത്.

  7. ജിയോ ഫൈബർ മുതൽ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് വരെ

  റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 42-ാമത് വാർഷിക പൊതുയോഗത്തിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ് മുകേഷ് അംബാനി നടത്തിയത്. ടി.വി, ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ എന്നിവ സംയോജിപ്പിച്ചുള്ള ജിയോ ഫൈബർ പദ്ധതിയാണ് ഇതിൽ ശ്രദ്ധേയം.

  8. വിമാനം വേണ്ട; ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതി

  ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം ഞാനും പ്രതിപക്ഷ നേതാക്കളുടെ സംഘവും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല. പക്ഷേ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണ'മെന്നായിരുന്നു രാഹുലിന്റെ മറുപടി.

  9. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ വീണ്ടും തിരിച്ചടി

  മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ വീണ്ടും തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് കോടതി ശരിവെച്ചു.

  10. ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യരുതെന്ന് ബിജെപി നേതാക്കൾ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യരുതെന്ന് ബിജെപി നേതാക്കൾ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രളയ സാഹചര്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് സിപിഎം കേന്ദ്ര നേതൃത്വമാണ്. കേന്ദ്രസഹായങ്ങളിൽ കേരളം തൃപ്തി അറിയിച്ചിരുന്നെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

  First published:

  Tags: Evening digest, News Headlines, Top news today, ഇന്നത്തെ പ്രധാന വാർത്തകൾ, പ്രധാന വാർത്തകൾ