• HOME
  • »
  • NEWS
  • »
  • kerala
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Evening Digest: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

  • News18
  • Last Updated :
  • Share this:
    1. ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം ഓടിച്ച വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തി

    മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തി. അപകട സമയത്തെ കാറിന്റെ വേഗം അറിയാന്‍ നിര്‍മാണ കമ്പിനിയുടെ സഹായത്തോടെയായിരുന്നു പരിശോധന. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

    2. സാലറി ചാലഞ്ച് വഴി പിരിച്ച 132 കോടി രൂപ KSEB സര്‍ക്കാരിന് കൈമാറിയില്ല; ഒന്നിച്ചൊരു തുക നല്‍കാനെന്ന് വിശദീകരണം

    പ്രളയ ബാധിതര്‍ക്കായി സാലറി ചാലഞ്ച് വഴി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക കെഎസ്ഇബി സര്‍ക്കാരിന് കൈമാറിയില്ല. കിട്ടിയ 130 കോടി രൂപ പത്ത് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല. ഈ തുകയ്ക്ക് ലഭിച്ച പലിശയുടെ കണക്കും കെഎസ്ഇബി വ്യക്തമാക്കുന്നില്ല. തുക ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയുടെ വിശദീകരണം.

    3. ജീവനക്കാരില്‍നിന്ന് ഗഡുക്കളായി പിരിച്ച തുക ഒരുമിച്ച് അടയ്ക്കാന്‍വേണ്ടിയാണ് സാവകാശമെടുത്തതെന്ന് KSEB

    ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക വകമാറ്റിയെന്ന വിവാദത്തിന് മറുപടിയുമായി കെ.എസ്.ഇ.ബി. ജീവനക്കാരില്‍നിന്ന് ഗഡുക്കളായി പിരിച്ച തുക ഒരുമിച്ച് അടയ്ക്കാന്‍വേണ്ടിയാണ് ഈ വര്‍ഷം ജൂലൈ വരെ സാവകാശമെടുത്തതെന്ന് കെ.എസ്.ഇ.ബി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ജീവനക്കാരില്‍നിന്ന് 10 മാസംകൊണ്ട് പിരിഞ്ഞുകിട്ടിയ തുകയായ 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാന്‍ എല്ലാ നടപടികളും കൈക്കൊണ്ടുവരവെയാണ് വാര്‍ത്ത വന്നത്. തുക കൈമാറാനുള്ള ചെക്ക് തയ്യാറാക്കാന്‍ ഓഗസ്റ്റ് 16ന് ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും പത്രകുറിപ്പില്‍ പറയുന്നു.

    4. ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

    മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒ ഒരുവര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

    5. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് എകെ ആന്റണി

    ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് എ കെ ആന്റണി. ഇന്നത്തെ വികസന നയവുമായി മുന്നോട്ട് പോയാല്‍ സസ്യ ശ്യാമള കേരളം ഇല്ലാതാകും. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കേരളത്തിന്റെ വികസന നയം പുനപരിശോധിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.

    6. കുട്ടനാട്ടില്‍ മാത്രം 3100 ഹെക്ടറില്‍ രണ്ടാം കൃഷി നശിച്ചതായി മന്ത്രി വിഎസ് സുനില്‍കുമാര്‍

    മടവീഴ്ചയെ തുടര്‍ന്ന് കുട്ടനാട്ടില്‍ മാത്രം 3100 ഹെക്ടറില്‍ രണ്ടാം കൃഷി നശിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആലപ്പുഴ ജില്ലയില്‍ മാത്രം 119 കോടിയുടെ കൃഷിനാശം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി സര്‍ക്കാര്‍ പരിഹരിക്കുമെന്നും മന്ത്രി.

    7. നെഹ്‌റുട്രോഫി വള്ളംകളി ആഗസ്റ്റ് 31ന്

    നെഹ്‌റുട്രോഫി വള്ളംകളി ഈമാസം 31ന് നടക്കും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗും ആരംഭിക്കുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആഗസ്റ്റ് 10ന് നടത്താനിരുന്ന മത്സരം മാറ്റിവച്ചത് കാലവര്‍ഷക്കെടുതിയെ തുടര്‍ന്നായിരുന്നു.

    8. കണ്ണൂര്‍ കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

    കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ പാസായിരുന്നു. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

    9. പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ശിവരഞ്ജിത്തും നസീമും

    പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ശിവരഞ്ജിത്തും നസീമും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സംബന്ധിച്ച മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പരീക്ഷ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രതികള്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

    10. ഗള്‍ഫിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന; കമ്പനികളുടെ നീക്കം അവധിക്കാലം കഴിഞ്ഞതിനു പിന്നാലെ

    ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ആഗസ്റ്റ് അവസാന ആഴ്ചമുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് ചാര്‍ജ് കൂട്ടിയിരിക്കുന്നത്. അവധിക്കാലം കഴിയുന്നത് കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
    First published: