HOME /NEWS /Kerala / Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

top news

top news

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

 • News18
 • 2-MIN READ
 • Last Updated :
 • Share this:

  1. ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയെന്ന് കോണ്‍ഗ്രസ്

  തൃശൂര്‍ ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുന്നയില്‍ ബൂത്ത് പ്രസിഡന്റ് പുതിയ വീട്ടില്‍ നൗഷാദാണ് മരിച്ചത്. നൗഷാദിനൊപ്പം വെട്ടേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്. കൊലയ്ക്കു പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയവരെ പോലീസ് തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം സംസ്‌കരിച്ചു.

  നൗഷാദിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നൗഷാദിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്‌ററഡിയില്‍ എടുത്തു. എന്നാല്‍ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം എസ്.ഡി.പി.ഐ നിഷേധിച്ചു.

  2. ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത്; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

  ഉന്നാവോ കൂട്ട ബലാല്‍സംഗ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍.. പെണ്‍കുട്ടിയുടെ അമ്മ അയച്ച കത്ത് ഹരജിയായി കണക്കാക്കി നാളെ പരിഗണിക്കും. ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടിയുടെ കുടുംബം അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് അറിയിച്ചു. കത്ത് കിട്ടാത്തതി ചീഫ് ജസ്റ്റിസ് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് വിശദീകരണം തേടി. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

  3. രാജ്യസഭ മുത്തലാഖ് ചര്‍ച്ച: പി.വി അബ്ദുല്‍ വഹാബ് വിട്ടുനിന്നതിനെച്ചൊല്ലി വിവാദം

  രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചാസമയത്ത് പാര്‍ട്ടിയുടെ ഏക അംഗമായ പി.വി അബ്ദുല്‍ വഹാബ് വിട്ടുനിന്നതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ വിവാദം. വഹാബ് രാജ്യസഭാംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡണ്ട് മുഈനലി തങ്ങള്‍ രംഗത്തുവന്നു. പാര്‍ലമെന്റിലെ ഇടപെടലുകളില്‍ പാര്‍ട്ടി എം.പിമാരുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നത് മുസ്ലിം ലീഗിനുള്ളില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.

  4. പാലക്കാട് എആര്‍ ക്യാംപ് ഉദ്യോഗസ്ഥന്റെ മരണം; ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ഭാര്യ

  പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസ് ഓഫീസറുടെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ. സംഭവത്തില്‍ ഉത്തരവാദികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മരിച്ച കുമാറിന്റെ ഭാര്യ സജിനി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പീഡനവും ജാതിവിവേചനവും കാരണം മരിക്കുന്നുവെന്നാണ് കുമാറിന്റെ ആത്മഹത്യ കുറിപ്പ്.

  5. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തില്‍

  ടെന്‍ഡറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്നവസാനിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തില്‍. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ അന്തിമ തീരുമാനം പിന്നീടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിഷയം കേന്ദ്ര മന്ത്രിസഭയോഗവും പരിഗണിച്ചില്ല. കോഴിക്കോട് വിമാനത്താവളം ഉടന്‍ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തിലെ വിമാനത്താവള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം കേന്ദ്രം വിളിച്ചിട്ടുണ്ട്.

  6. ഡോക്ടര്‍മാരുടെ സമരം: ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗീകമായി തടസപ്പെട്ടു

  ദേശീയ മെഡിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഐഎംഎ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗീകമായി തടസപ്പെട്ടു. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഹാജര്‍നില കുറവായിരുന്നു. പല ആശുപത്രികളിലും സ്പെഷ്യാലിറ്റി ഓപികളുടെ പ്രവര്‍ത്തനം അടക്കം തടസപ്പെട്ടു..

  7. നെതര്‍ലന്‍ഡ്‌സിന് വേണം നാല്‍പതിനായിരത്തോളം നഴ്‌സുമാരെ; കേരളം തയാറെന്ന് മുഖ്യമന്ത്രി

  കേരളത്തിലെ നഴ്സുമാര്‍ക്ക് നെതര്‍ലണ്ടില്‍ തൊഴില്‍ അവസരമൊരുക്കാന്‍ പദ്ധതിയൊരുങ്ങുന്നു. നെതര്‍ലണ്ടിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടികാഴ്ചയിലാണ് വിഷയം ചര്‍ച്ചചെയ്തത്. 40000 ത്തോളം നഴ് സുമാരുടെ ഒഴിവുകള്‍ നെതര്‍ലണ്ടിലുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. ഇതിനായി കേരളത്തിലെ നഴ്സുമാരുടെ സേവനം പ്രയോജനപപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഡല്‍ഹി കേരളഹൗസില്‍ നടന്ന കൂടികാഴ്ചയിലാണ് വിഷയം ചര്‍ച്ചയായത്.

  8. കര്‍ക്കിടക വാവ്: പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

  പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. വിവിധ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും നടന്ന ചടങ്ങുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവല്ലത്തും, ആലുവ മണപ്പുറത്തും, തിരുനാവായയിലും പുലര്‍ച്ചെ മുതല്‍ ആയിരങ്ങള്‍ ബലിയിടാനെത്തി.

  9. ശബരിമല കയറിയ യുവതികള്‍ എത്ര? കണക്ക് കോടതിയില്‍ നല്‍കാതെ സര്‍ക്കാര്‍

  കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ കണക്ക് സുപ്രീംകോടതിയില്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ കെ സി ജോസഫിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊലീസും സംസ്ഥാന സര്‍ക്കാരും അയ്യപ്പ ദര്‍ശനം നടത്തിയ യുവതികളുടെ വ്യത്യസ്ത കണക്ക് പറഞ്ഞിരുന്നുവെങ്കിലും സുപ്രീംകോടതിയില്‍ ശബരിമല കേസ് വന്നപ്പോള്‍ പട്ടിക നല്‍കിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

  10. ഫിഫയുടെ മികച്ച പുരുഷ താരം; അന്തിമ പട്ടിക പുറത്തുവന്നു

  ഫിഫയുടെ മികച്ച പുരുഷ താരത്തെ തെരഞ്ഞെടുക്കാനുള്ള 10 പേരുടെ അന്തിമ പട്ടിക പുറത്തുവന്നു. അഞ്ച് തവണ പുരസ്‌കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയണല്‍ മെസിയും ഇത്തവണയും അവസാന പട്ടികയിലുണ്ട്. ലിവര്‍പൂളിന്റെ സൂപ്പര്‍ ത്രയങ്ങളായ വാന്‍ ഡെയ്ക്ക്, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

  First published:

  Tags: Evening digest, News Headlines, Top news today, ഇന്നത്തെ പ്രധാന വാർത്തകൾ, പ്രധാന വാർത്തകൾ