• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ...

news18-malayalam
Updated: September 5, 2019, 11:23 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
top news
 • Share this:
1. പി.ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ഇനി 14 ദിവസം തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാര്‍ ആണ് ചിദംബരത്തെ സെപ്തംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍ അതീവസുരക്ഷയില്‍ ചിദംബരത്തെ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒഗസ്റ്റ് 21-ന് രാത്രി ഡല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത ചിദംബരത്തെ പ്രത്യേക കോടതി 15 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു.

2. ജോസഫിന് വിജയം: പാലായിൽ യുഡിഎഫിന് രണ്ടില ചിഹ്നം ഇല്ല

പാലാ: ഉപതെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിലുള്ള ജോസ്  ടോമിന്റെ നാമനിർദ്ദേശ പത്രിക തള്ളി. പാർട്ടി പിളർപ്പുമായി ബന്ധപ്പെട്ട് ഇടുക്കി കോടതിയുടെ വിധി ചൂണ്ടിക്കാട്ടി രണ്ടില ചിഹ്നം അനുവദിക്കാനാകില്ലെന്ന് മുഖ്യവരണാധികാരി വ്യക്തമാക്കിയതോടെയാണ് പാർട്ടി സ്ഥാനാർഥിയെന്ന നിലയിലുള്ള പത്രിക തള്ളിയത്. ഇതോടെ ജോസ് ടോം പുലിക്കുന്നേൽ  യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.

3 സൂക്ഷ്മ പരിശോധന കഴിഞ്ഞു; മത്സര രംഗത്ത് 14 സ്ഥാനാര്‍ഥികള്‍കോട്ടയം: പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മത്സര രംഗത്തുള്ളത് 14 സ്ഥാനാര്‍ഥികള്‍. പത്രിക നല്‍കിയിരുന്ന 17 പേരില്‍ രണ്ടു പേര്‍ സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളിയതിനെത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. ഒരാള്‍ പരിശോധനയ്ക്കു ശേഷം പത്രിക പിന്‍വലിക്കുകയും ചെയ്തു.

സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ. പത്മരാജന്‍, ബി.ജെ.പി. ഡമ്മി സ്ഥാനാര്‍ഥി ശശികുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ജോസഫ് സെബാസ്റ്റ്യനാണ് പത്രിക പിന്‍വലിച്ചത്.

4 Chandrayaan-2 'വിക്രം ലാൻഡർ' ശനിയാഴ്ച പുലർച്ചെ ചന്ദ്രനിലിറങ്ങും

ബെംഗലുരു:  ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായുള്ള 'വിക്രം ലാൻഡർ' ചന്ദ്രനിലിൽ സുരക്ഷിതമായി ഇറങ്ങുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വെള്ളിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ബംഗലുരുവിലെ ആ.എസ്.ആർ.ഒ ആസ്ഥാനത്തെത്തും. ശനിയാഴ്ച പുലർച്ചെ 1.55നാണ് 'വിക്രം' ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നത്.

ബെംഗലുരു പീനിയയിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് സെന്ററില്‍ (ഇസ്ട്രാക്) ആണ് പ്രധാനമന്ത്രിയെത്തുന്നത്. നാസയിലെ ഗവേഷകരും ക്ഷണിക്കപ്പെട്ട വിദ്യാർഥികളും പ്രധാനമന്ത്രിക്കൊപ്പം ചരിത്ര നിമിഷത്തിന് സാക്ഷികളാകും.

5 യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിന് കൂക്കിവിളി

കോട്ടയം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പ്രസംഗിക്കാനെത്തിയ പി.ജെ ജോസഫിനെ കൂക്കിവിളിച്ച് ജോസ് കെ. മാണി വിഭാഗം  പ്രവര്‍ത്തകര്‍. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സദസില്‍ നിന്നും പ്രതിഷേധമുയര്‍ന്നത്. സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില അനുവദിക്കാന്‍ ജോസഫ് തയാറാകാത്തതിനായിരുന്നു ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം കെ. മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്.

6 ക്വാറികളിലും മൈനിങ് ആൻഡ് ജിയോളജി ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളിലും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ക്വാറികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. അനധികൃത ക്വാറികളിൽ നിന്ന് വൻ തോതിൽ സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.

പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനാനുമതി നൽകുന്നതിൽ ക്വാറി മാഫിയകൾക്കു വേണ്ടി ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ അതോറിറ്റിയിലെ ജീവനക്കാർ പ്രവർത്തിക്കുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.

7 പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി.ഒ സൂരജ് റിമാന്‍ഡില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി  ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. സൂരജിനെ കൂടാതെ ആര്‍.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമീത് ഗോയല്‍, കിറ്റ്കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തങ്കച്ചന്‍ എന്നിവരെ സെപ്റ്റംബര്‍ 19 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ  മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.

8 അഭയ കേസ്: ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമെന്ന് മൊഴി

തിരുവനന്തപുരം: അഭയകേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പ് വ്യാജമാണെന്ന് മൊഴി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റേതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി ജോണ്‍ സ്‌കറിയ മൊഴി നല്‍കി. ഇതു സംബന്ധിച്ച് താന്‍ മുന്‍പ് സിബിഐയ്ക്കു മൊഴി നല്‍കിയിട്ടുണ്ടെന്നും ജോണ്‍ സ്‌കറിയ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ തുടരുകയാണ്.

9 ചരിത്രമെഴുതി റഹ്മത് ഷാ; അഫ്ഗാനിസ്ഥാന് ടെസ്റ്റിൽ കന്നി സെഞ്ചുറി

ധാക്ക: അഫ്ഗാനിസ്ഥാനുവേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടി, റഹ്മത് ഷാ ചരിത്രത്തിൽ ഇടംനേടി. ബംഗ്ലദേശിനെതിരെ ചിറ്റഗോങ്ങിൽ നടക്കുന്ന ടെസ്റ്റിലാണ് റഹ്മത് ഷാ സെഞ്ചുറി നേടിയത്. 186 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ചുറി. പത്തു ഫോറുകളും രണ്ട് സിക്സുകളും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്സ്.
ഷായുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യദിവസം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലാണ്.

10 ധവാന്റെ അർധ സെഞ്ചുറി പാഴായി; 'മഴക്കളി'യിൽ ഇന്ത്യക്ക് തോൽവി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എ ടീമിന് പരാജയം. മഴമൂലം റിസര്‍വ് ദിനത്തിലേയ്ക്ക് നീട്ടിവച്ച മത്സരത്തില്‍ നാലു റണ്ണിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്ക 25 ഓവറില്‍ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ്. മഴ മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറില്‍ 193 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍, ശിഖര്‍ ധവാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് നിശ്ചിത 25 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍